ചെന്നൈ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ കുറ്റപ്പെടുത്തിയ ഇംഗ്ലിഷ് താരങ്ങളെ പരിഹസിച്ചും വിമർശിച്ചും രവിചന്ദ്രൻ അശ്വിൻ. വിദേശപര്യടനങ്ങളിൽ കളിക്കുന്ന പിച്ചിനെക്കുറിച്ച് ഇന്ത്യൻ താരങ്ങൾക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ ഇന്ത്യൻ ടീമോ ഇന്ത്യയുടെ മുൻ താരങ്ങളോ പിച്ചിനെക്കുറിച്ച് വലിയ കുറ്റങ്ങൾ പറഞ്ഞുപരത്തുന്ന പതിവില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 317 റൺസിന് തോല്പിച്ചിരുന്നു. ഒന്നാം ടെസ്റ്റിൽ ഇതേ വേദിയിൽ വഴങ്ങിയ 227 റൺസിന്റെ കൂറ്റൻ തോൽവിക്ക് പ്രതികാരം ചെയ്താണ് ഇന്ത്യ വമ്പൻ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തിനു പിന്നാലെ സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിനെ കുറ്റപ്പെടുത്തി മുൻ താരങ്ങളിൽ ചിലർ രംഗത്ത് വന്നിരുന്നു. ഓസ്ട്രേലിയയുടെ മുൻ താരം മാർക്ക് വോ, ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കൽ വോൺ തുടങ്ങിയവരാണ് ചെപ്പോക്കിലെ പിച്ചിനെ വിമർശിച്ചത്.
‘ആളുകൾ അവരുടെ അഭിപ്രായം പറയുന്നതിൽ ഒരു പ്രശ്നവുമില്ല. നമ്മൾ വിദേശത്ത് പര്യടനം നടത്തുമ്പോൾ പിച്ചിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയാറുണ്ട്. എന്നാൽ, പിച്ചിനെ കുറ്റപ്പെടുത്തുകയോ പഴിക്കുകയോ ചെയ്യാറില്ലെന്ന് മാത്രം. പക്ഷേ മുൻ താരം കൂടിയായ സുനിൽ ഗാവസ്കറോ നമ്മുടെ പരിശീലകൻ രവി ശാസ്ത്രിയോ ഒന്നും വിദേശ പിച്ചുകളിൽ പുല്ലു കൂടുതലാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് നാം കേട്ടിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുമില്ല’ – അശ്വിൻ പറഞ്ഞു.