National

ചെരുപ്പില്‍ ബ്ലൂടൂത്ത്, സിം കാർഡ്; അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് കോപ്പിയടിച്ച അഞ്ച് പേര്‍ പോലീസ് പിടിയിൽ

ജയ്പൂർ: രാജസ്ഥാനിൽ അധ്യാപക യോഗ്യതാ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ചെരിപ്പിനുള്ളിൽ ലക്ഷങ്ങൾ വില വരുന്ന ബ്ലൂടൂത്ത് ഡിവൈസ് ഘടിപ്പിച്ചായിരുന്നു ഇവരുടെ കോപ്പിയടി. ഹൈ ടെക്ക് കോപ്പിയടി നടത്തിയ മദൻലാൽ, ഓം പ്രകാശ്, ഗോപാൽ കൃഷ്ണ, കിരൺ, ത്രിലോക് ചന്ദ് എന്നിവരെ അധികൃതർ കൈയ്യോടെ പൊക്കി പോലീസിന് കൈമാറിയത്.

കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാനിൽ അധ്യാപക യോഗത്യ പരീക്ഷ നടന്നത്. ബിക്കനീർ പ്രദേശത്തെ പരീക്ഷ സെൻററിലാണ് തട്ടിപ്പ് നടന്നത്. ബ്ലൂടൂത്ത് ഉപകരണങ്ങൾ, ബാറ്ററി, സിം കാർഡുകൾ എന്നിവ ചെരുപ്പിനുള്ളിൽ പ്രത്യേക രീതിയിൽ സജ്ജീകരിച്ച് ചെവിക്കുള്ളിൽ മറഞ്ഞിരിക്കുന്ന തരത്തിലുള്ള ഇയർ ബഡ് ഉപയോഗിച്ചായിരുന്നു ഈ വിരുതന്മാരുടെ കോപ്പിയടി.

ഒരു ചെരുപ്പിനുള്ളിൽ കോപ്പി അടിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളൊരുക്കാനായി ഏകദേശം ആറ് ലക്ഷം രൂപയോളം ഇവർക്ക് ചെലവഴിച്ചതായാണ് പോലീസ് പറയുന്നത്. പ്രതികളിലൊരാൾ രാജസ്ഥാൻ പൊലീസിലൽ നിന്നും സസ്പെൻറ് ചെയ്യപ്പെട്ട സബ് ഇൻസ്പെക്ടറാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ബിക്കനീർ എസ്പി പ്രീതി ചന്ദ്ര പറഞ്ഞു.

പരീക്ഷയ്ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ഹൈടെക്ക് കോപ്പിയടിശ്രമം നടന്നത് അധികൃതരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. കോപ്പിയടിക്കുള്ള സജ്ജീകരണങ്ങളൊരുക്കിയതിന് പിന്നിൽ ബിക്കനീറിലെ ഒരു കോച്ചിംഗ് സെൻററിൻറെ ഉടമയായ തുളസി റാം കലർ ആണെന്നാണ് പോലീസ് പറയുന്നത്.

ഇയാൾ നേരത്തേയും സമാനമായ തട്ടിപ്പ് കേസുകളിൽ പിടിയിലായിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തിയ പരീക്ഷയിൽ 33 ജില്ലകളിലായി 3,993 കേന്ദ്രങ്ങളിൽ 16.51 ലക്ഷം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *