ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ ബൈ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത് . ഇതിനു മുൻപ് ജൂൺ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ജൂൺ 11ന് ഡിസ്ചാർജ് ചെയ്തിരുന്നു.ഭാര്യ. സൈറ ബാനു.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്.യൂസഫ് ഖാന് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഹിന്ദി സിനിമകളിലെ ആദ്യ ഖാൻമാരിൽ ഒരാളായിരുന്നു.ബോളിവുഡിൽ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ അന്ത്യത്തോടെ ഉണ്ടായിരിക്കുന്നത്.
നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്ദാസ്, റാം ഔർ ശ്യാം, അൻഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ജ്വാർ ഭട്ട (1944) ആണ് ആദ്യ സിനിമ.1998 ൽ പുറത്തിറങ്ങിയ ‘കില’യാണ് അവസാന ചിത്രം. ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്.പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.