ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ- നവംബർ മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗം മൂർധന്യത്തിൽ എത്തിയേക്കാമെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിദഗ്ധ സമിതിയിലെ അംഗത്തിന്റെ പ്രവചനം. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത കുറവുണ്ടായാൽ ഇതിനുള്ള സാധ്യത വർധിക്കും. എന്നാൽ രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിൽ റെക്കോർഡ് ചെയ്ത പ്രതിദിന കോവിഡ് രോഗികളെക്കാൾ വ്യാപനം കുറവായിരിക്കും. പ്രതിദിന രോഗികൾ രണ്ടുലക്ഷം വരെ ഉയരാനാണ് സാധ്യതയെന്നും വിദഗ്ധസമിതിയിലെ അംഗം മനീന്ദ്ര അഗർവാൾ പറയുന്നു.
കോവിഡിന്റെ പുതിയ വകഭേദം ഉണ്ടായാൽ രോഗവ്യാപനം രാജ്യത്ത് വേഗത്തിലാകാൻ സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി നഷ്ടപ്പെടൽ, വാക്സിനേഷന്റെ പ്രതിഫലനങ്ങൾ, പുതിയ വകഭേദങ്ങളുടെ സാധ്യത എന്നിവയെല്ലാം മൂന്നാം കോവിഡ് തരംഗത്തിൽ നിർണായകമാകുമെന്നും മനീന്ദ്ര അഗർവാൾ പറഞ്ഞു.ഇതിൽ മൂന്ന് സാധ്യതകളാണ് പരിശോധിച്ചത്.പുതിയ വകഭേദങ്ങൾ ഉണ്ടായില്ലെങ്കിൽ ഓഗസ്റ്റോടെ ജീവിതം സാധാരണനിലയിലാകും. രണ്ടാമത്തെ സാധ്യത വാക്സിനേഷൻ 20 ശതമാനം ഫലപ്രദമാകാത്ത അവസ്ഥയാണ്. ഓഗസ്റ്റിൽ പുതിയ വകഭേദങ്ങൾ പടരുന്ന സാഹചര്യം എന്നി സാധ്യതകളാണ് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗം ഓഗസ്റ്റ് മാസം പകുതിയോടെ അവസാനിച്ച ശേഷം ഒക്ടോബർ- നവംബർ മാസങ്ങളിൽ മൂന്നാം തരംഗം മൂർധന്യത്തിൽ എത്താവാനുള്ള സാധ്യതയാണ് വിദഗ്ധ സമിതിയംഗം കണക്കുകൂട്ടുന്നത്.