Kerala

കൊച്ചി ഗാന്ധിനഗർ ചുവന്നുതന്നെ; ബിന്ദു ശിവന് ഉജ്ജ്വല വിജയം

കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷൻ ഇക്കുറിയും അത്ഭുതങ്ങൾ ഒന്നും നടന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ ഡിവിഷൻ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ പി ഡി മാര്‍ട്ടിനെയാണ് പരാജയപ്പെടുത്തിയത്. 687 വോട്ടുകള്‍ക്കാണ് ബിന്ദുവിന്റെ വിജയം.

കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് ജയം. അന്തരിച്ച ശിവന്റെ ഭാര്യയായ ബിന്ദുവിനെ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയാിരുന്നു. തിരുവാങ്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ബിന്ദു ശിവന്‍.

കഴിഞ്ഞ തവണയും യുഡിഎഫിനായി പി ഡി മാർട്ടിനായിരുന്നു മത്സരിച്ചത്‌. ബിജെപിക്കായി പി ജി മനോജ്‌കുമാർ മത്സരിച്ചു.രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന്‌ നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടാണ്‌. ഇതിൽ പകുതി അംഗങ്ങളുടെ പിന്തുണ എൽഡിഎഫിനുണ്ട്‌.

കോർപ്പറേഷനിൽ ബിജെപിക്ക്‌ നാലംഗങ്ങളാണുള്ളത്‌.യുഡിഎഫിന് 32 അംഗങ്ങളുടെ പിന്തുണയാണ്‌ ഉള്ളത്. ബിജെപി കൗൺസിലർ ആയിരുന്ന മിനി ആർ മേനോൻ അന്തരിച്ച ഒഴിവിൽ ഇനി ഉപതെരഞ്ഞെടുപ്പ്‌ നടക്കാനുണ്ട്‌. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത്‌ ഡിവിഷനിൽനിന്നാണ്‌ ബിജെപിയുടെ മിനി ആർ മേനോൻ വിജയിച്ചത്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *