Kerala Special

ഓരോ വ്യക്തിക്കും മൗലികമായ അനുഭൂതികളുണ്ട്; ജോൺ ഡിറ്റോ

സംവിധായകൻ, തിരകഥകൃത്ത്, എഴുതുകാരൻ , തുടങ്ങി എല്ലാ നിലകളിലും തന്റെ കഴിവ് തെളിയിച്ച ആൾ ആണ് ജോൺ ഡിറ്റോ. ഇപ്പോൾ ജോൺ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ചർച്ച ആകുന്നത്.

കുറുപ്പിന്റെ പുർണ്ണം രുപം ഇങ്ങനെ:

അനുഭൂതിതലത്തെക്കുറിച്ചാണ് പറയുന്നത്.. ഓരോ വ്യക്തിക്കും മൗലികമായ അനുഭൂതികളുണ്ട്. അത് കാലാന്തരേ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഒരു വ്യക്തി
തങ്ങളെ സ്വാധീനിച്ച ഈ അനുഭൂതിതലത്തിനനുസരിച്ചാണ് ജീവിതം ആസ്വാദ്യകരമായി മുന്നോട്ട് കൊണ്ടു പോകുന്നത്. അതായത് വ്യക്തിയുടെ ആകെത്തുക ആന്തരികമായി അനുഭവിച്ച അനുഭൂതികളാണ്.
വൈകാരികവും ബൗദ്ധികവുമായ സ്വാധീനങ്ങളാണ് അനുഭൂതികൾ.

ജൻമനാ ലഭിക്കുന്ന അനുഭൂതികളുണ്ട്. മതം, ജാതി, ചില രാഷ്ട്രീയ പക്ഷപാതങ്ങൾ, എന്നിവ .

സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്ന (സാമീപ്യങ്ങൾ) അനുഭൂതികളുണ്ട്.
സംഗീതം സാഹിത്യം കലകൾ വസ്തുക്കൾ, ഗ്രന്ഥങ്ങൾ, വ്യക്തികൾ രാഷ്ട്രീയം, തത്ത്വചിന്ത തുടങ്ങിയവയാണ് സാഹചര്യ അനുഭൂതികൾ .

ഭാവനാവിലസിതമായ അനുഭൂതികളാണ് മൂന്നാമത്തേത്.

ഉദാഹരണ സഹിതം പറയാം.
എനിക്ക് അനേകം വൈകാരിക സ്വാധീനങ്ങളുണ്ട്.
ജൻമനാ ക്രിസ്ത്യാനിയാണ്.
രാഷ്ട്രീയ നിലപാടിൽ സ്വാഭാവികമായി ഇടതുപക്ഷമായിരുന്നു.
ആദ്യത്തെ വൈകാരിക സ്വാധീനം യേശുക്രിസ്തുവാണ്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയും വി.എസും, ഗൗരിയമ്മയും ഇ.എം.എസും ..
പിന്നീട് ആർജ്ജിത സ്വാധീനങ്ങളാണ്.
ചെറുപ്പത്തിലേ ഗാന്ധിജി ഒരു കൊടുങ്കാറ്റു പോലെ വന്നു.. ഇന്നും ബൗദ്ധിക വൈകാരികതലത്തിലും ഗാന്ധിജി വീശിയടിക്കുന്നു കൊടുങ്കാറ്റായിത്തന്നെ.
മറ്റൊന്ന് ഫുട്ബോൾ ഇതിഹാസം പെലെയാണ്. പിന്നെ മറഡോണ, ഇസ്ലാമിൽ ഖലീഫ ഉമർ മനസ്സിലെ മഹാനുഭൂതിയായി. ശ്രീനാരായണഗുരുദേവൻ, പുതിയൊരു മതേതര ഭാവുകത്വം ചേർത്തു തന്നു. യേശുദാസ്, റാഫി സർ, കിഷോർ കുമാർ എന്നിവർ സംഗീതം കൊണ്ടു തന്നു. കപിൽ ദേവ് കപ്പുയർത്തിയപ്പോഴാണ് ഭാരതം എന്ന വികാരം നിറുകയിൽ അഭിമാനമായത്.സച്ചിൻ ടെൻഡുൽക്കർ പിന്നീട് വന്നു. സച്ചിൻ നിർത്തിയപ്പോൾ ക്രിക്കറ്റ് സാവധാനം മനസ്സിൽ നിന്ന് പോയി. എങ്കിലും രാഹുൽ ദ്രാവിഡാണ് എന്റെ വലിയ വൈകാരിക സ്വാധീനം .
സത്തയിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് തലൈവർ രജനീകാന്താണ്.
കവിതയിൽ കാളിദാസനും.
സി വി രാമൻ പിള്ളയുടെ നോവൽ ത്രയമാണ് മലയാളനോവലിൽ ഞെട്ടിച്ചത്. ഖസാൻ ദ സാക്കിസ് സെന്റ്. ഫ്രാൻസിസ് (ഗോഡ് സ് പോപ്പറി,)ലൂടെ ചിന്തയിലെ സ്വാധീനമായി.
താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം ജീവിത മരണങ്ങളെക്കുറിച്ച് പുതിയ ചിന്തയുദിപ്പിച്ചു.
മറ്റൊരു സ്വാധീനം തുറവൂർ വിശ്വംഭരൻ മാഷാണ്. മാഷു വഴി RSS നോടും സംഘപരിവാർ പ്രസ്ഥാനങ്ങളോടും അടുപ്പമായി. മോഡി ഗുജറാത്തിൽ ഉദിച്ചു. മോഡി സ്വാധീനമായി. കൊല്ലൂർ മൂകാംബിയിൽ സരസ്വതി മണ്ഡപത്തിൽ ഒറ്റയ്ക്കിരുന്നു.സരസ്വതീകടാക്ഷത്തിനായി കേണു തൊഴുതു.
ഇടപ്പളളി പളളിയിലെ ഗീവറുഗീസ് സഹദായുടെ തിരുനടയിൽ എല്ലാ വെള്ളിയാഴ്ച്ചയും മുട്ടുകുത്തി പ്രാർത്ഥിച്ചു. വല്ലാർപാടത്തമ്മയെ വണങ്ങി. പരസ്പരം ലോജിക്കില്ലാത്ത വൈരുദ്ധ്യങ്ങൾക്കിടയിലൂടെ ലാഘവത്തോടെ നടന്നു.

ശബരിമലയിൽ പിണറായി തെമ്മാടിത്തം കാട്ടിയപ്പോൾ പാതിരാ വരെ നിറകണ്ണുകളുമായി ജനം ടി.വി.യിൽ നോക്കിയിരുന്നു.
ഹബ്ബിൾ, സ്റ്റീഫൻ ഹോക്കിങ്ങ്, മാർക്സ്, ആഴത്തിൽ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു.
ഉസ്താദ് ബിസ്മില്ലാ ഖാൻ, അന്നാ പൂർണ്ണാ ദേവി ഇവർ മതാതീതമായ സംസ്കാരത്തിൽ ഹിന്ദുസ്ഥാനി സംഗീതം പൊഴിച്ചു.
ഇനിയുമുണ്ടനേകം എന്നെ സ്വന്തമാക്കിയ , ഞാൻ സ്വന്തമാക്കിയ വൈകാരിക അനുഭൂതികൾ.
പരസ്പര വൈരുദ്ധ്യം പുറത്തു നിൽക്കുന്നവർക്കേ തോന്നൂ..
ബൈബിളുമുപനിഷത്തുക്കളും ബുദ്ധനുമമ്പേഡ്ക്കറും മധുരക്കടൽ പോലെ ഹൃദയത്തിൽ
അലയടിക്കുന്നു..

ഈ സ്വാധീനങ്ങൾ എല്ലാം ഒരേ അളവിലോ എക്കാലവുമോ നിലനിൽക്കുമോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്.
അതിനാൽ എന്റെയോ മറ്റാരുടേയെങ്കിലുമോ നിലപാടുകളും ചിന്താഗതിയും രാഷ്ട്രീയവും ശരിയാണോ എന്നു് ചിന്തിക്കുന്നത് കൃത്യമായിരിക്കില്ല.
ജൻമനാ കിട്ടിയ സ്വാധീനങ്ങളിലൊന്നായ ജാതി അതിന്റെ രീതികൾ ഇവ തുടരുന്നവരെക്കാണുമ്പോൾ പരിഹസിക്കേണ്ടതില്ല. അതുപോലെ മതവും അതിന്റെ ആചാരങ്ങളും . യുക്തിവാദികളും പറയട്ടെ. അവരുടെ അനുഭൂതികളുടെ സ്വാഭാവിക പരിസ്ഫുരണമാണത്.
ചിലസ്വാധീനങ്ങൾ ചുരണ്ടി നീക്കുന്നതും പുതിയവ ആർജ്ജിക്കുന്നതും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *