Kerala

മുറിയില്‍ പൂട്ടിയിട്ടു, ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി; മോന്‍സനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമം

മോൻസൻ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പോക്‌സോ കേസിലെ പരാതിക്കാരി. കോടതിയിൽ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. ഡോക്ടർമാർ ഭീഷണിപ്പെടുത്തിയതായും മോൻസന് അനൂകൂലമായ സംസാരിച്ചതായും പരാതിയിൽ പറയുന്നു. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെട്ട പെൺകുട്ടി മജിസ്ട്രേറ്റിനെയും ഇക്കാര്യം അറിയിച്ചു.

മോൻസൻറെ വീട്ടിലേക്ക് അമ്മയ്ക്കൊപ്പം പോകേണ്ട കാര്യമെന്തായിരുന്നുവെന്നും അച്ഛനുമായി നിങ്ങൾ സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടർമാർ ചോദിച്ചതായാണ് പെൺകുട്ടി പറഞ്ഞത്.മോൻസൻറേത് നല്ല കുടുംബമാണ് എന്ന് പറഞ്ഞ ഡോക്ടർമാർ പൊലീസിന് കൊടുത്ത മൊഴി ഉൾപ്പടെ പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു. ഇതിനിടെ ഭക്ഷണവുമായി എത്തിയ ബന്ധു കോടതിയിൽ പോകേണ്ട കാര്യം ഓർമ്മിപ്പിച്ചപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ബലമായി വാതൽ തള്ളിതുറന്ന് ഇരുവരും പുറത്തേക്ക് എത്തിയത്.

തുടർന്ന് കോടതിയിലെത്തി നടന്ന കാര്യങ്ങൾ മുഴുവൻ മജിസ്ട്രേറ്റിനെ അറിയിച്ചു. മജിസ്ട്രറ്റിൻറെ നിർദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. തുടർന്ന് രാത്രി ഏഴ് മണിയോടെ പെൺകുട്ടി കളമശ്ശേരി പൊലീസ് സ്റ്റഷനിൽ എത്തി പരാതിപ്പെടുകയുമായിരുന്നു.എന്നാൽ ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. അറിയേണ്ട കാര്യങ്ങൾ മാത്രമേ പരിശോധനയ്ക്കിടെ ചോദിച്ചിട്ടുള്ളു എന്നാണ് അധികൃതരുടെ വിശദീകരണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *