Kerala

‘കാഞ്ഞിരപ്പിള്ളി താലൂക്കില്‍ 16 പേരെ കാണാതായി’; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജന്‍

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ അതിവേഗം സ്വീകരിച്ചു കഴിഞ്ഞതായി റവന്യൂ മന്ത്രി കെ. രാജൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കോതമംഗലം താലൂക്ക് ഓഫീസിൽ നിന്ന് ഓൺലൈനായി പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരും കേന്ദ്ര സർക്കാർ ഏജൻസികളും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തിര നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്. അടിയന്തിരമായി എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ആറു ജില്ലകളിൽ എൻഡിആർഎഫ് ക്യാംപ് ചെയ്യുന്നുണ്ട്. മൂന്ന് സംഘങ്ങൾ കൂടി ഉടനെത്തും. ആർമിയുടെ രണ്ട് ടീമുകളെ തിരുവനന്തപുരത്തും കോട്ടയത്തും വിന്യസിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി കോപ്പ്‌സ് ടീമിനെ കണ്ണൂരും കോഴിക്കോടും വിന്യസിക്കും. എമർജൻസി ഓപ്പറേഷൻ സെന്ററുകൾ എല്ലാ മേഖലയിലും സജീവമാക്കും. എയർ ലിഫ്റ്റിംഗ് ടീമിനെ സജ്ജമാക്കായിട്ടുണ്ട്. കാഞ്ഞിരപ്പിള്ളി താലൂക്കിലേക്ക് ആദ്യ ടീമിനെ എത്തിക്കും. കാഞ്ഞിരപ്പിള്ളി താലൂക്കിൽ 16 പേരെ കാണാതായിട്ടുണ്ട്.

ക്യാമ്പുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായാരിക്കും ക്യാമ്പുകൾ തുറക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും നിർബന്ധമായിരിക്കും.

തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്കായി മുന്നറിയിപ്പുകൾ തുടർച്ചയായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എസ്ഡിആർഎഫ് എല്ലാ ജില്ലകൾക്കും അനുവദിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ സർക്കാർ വകുപ്പുകളെയും കേന്ദ്ര ഏജൻസികളെയും വിന്യസിപ്പിച്ചിട്ടുണ്ട്. പൊതു സമൂഹത്തിന്റെ ഇടപെടലും ആവശ്യമാണ്. സോഷ്യൽ മീഡിയ വഴി അനാവശ്യ ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്. ഇത്തരം ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും. എല്ലാ സ്ഥലങ്ങളിലും ആവശ്യമായ സഹായമെത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

കക്കി ഡാമിൽ ജലനിരപ്പ് ഉയയരുന്നതായി കാണുന്നതിനാൽ രണ്ട് ദിവസത്തേക്ക് കൂടി ശബരിമല ദർശനം ഒഴിവാക്കുന്നതായിരിക്കും ഉചിതമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് തീരുമാനിക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി ക്ലാസുകൾ 20 നായിയിരിക്കും ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

കെഎസ്ഇബിയുടെയും ഇറിഗേഷന്റെയും വിവിധ ഡാമുകളെ സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഡാമുകൾ പലയിടങ്ങളിലും തുറന്നിട്ടുണ്ടെങ്കിലും നിലവിൽ പ്രളയഭീഷണിയില്ലെന്നാണ് വിലയിരുത്തൽ. പരമാവധി ജലനിരപ്പിലേക്ക് ഡാമുകൾ എത്താതിരിക്കാൻ റൂൾ കർവിൽ വെച്ചു തന്നെ തുറക്കുകയാണ് ചെയ്യുന്നത്. ഡാമുകൾ തുറക്കേണ്ട സാഹചര്യത്തിൽ കർശനമായ മുന്നറിയിപ്പുകൾ നൽകാൻ നിർദേശിച്ചിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കണം. കടലിൽ പോകരുത്. അനാവശ്യ യാത്രകൾ ഒഴിവാക്കണം.

സ്ഥിതിഗതികൾ നിലവിൽ ഗുരുതരമാണെങ്കിലും നാളെയോടെ മഴയ്ക്ക് ശമനമാകുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ നിർദേശമനുസരിച്ച് നാളെയോടെ മഴ കുറയുമെന്നാണ് പകരുതുന്നത്. നാളെ എവിടെയും നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *