Kerala

ഉത്രവധകേസിൽ സൂരജ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാള്‍

ഉത്രവധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി.കേസിലെ ശിക്ഷാവിധി 13ലേക്ക് മാറ്റി. വിധി കേൾക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് സൂരജ് അറിയിച്ചു. കേസ് അപൂർവങ്ങളിൽ ആപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കൊലപാതകമല്ലെന്നും ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്നും അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രായം കണക്കിലെടുത്തും മുൻപ് ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തതിനാൽ പ്രതി കുറ്റക്കാരനല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കട്ടി. 25കാരിയായ അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂർത്തിയാക്കിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും ശ്രമിച്ചു. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കി. വാദത്തിനിടയിൽ ഡിജിറ്റൽ തെളിവുകൾ നേരിട്ട് പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കി.

നേരത്തെ അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അടുത്ത പദ്ധതി തയ്യാറാക്കി. മെയ് 7നായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മൂർഖൻ പാമ്പിന് ഉത്ര കിടന്നമുറിയിൽ കയറാനുള്ള പഴുതുകൾ ഇല്ലായിരുന്നെന്നും ജനൽവഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധ സാക്ഷികൾ മൊഴിനൽകിയിരുന്നു.

ഉത്രയെ അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുൻപ് പലതവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ച് വിഷം പുറത്തുവരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *