Kerala

ഊഴം വച്ച്‌ കാണേണ്ട ഗതികേട് ഉണ്ടായിട്ടില്ല; തുറന്നടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കഴിഞ്ഞ 50 വര്‍ഷമായി ഒരു കെപിസിസി അധ്യക്ഷനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് വന്നിട്ടില്ല. അങ്ങനെ ഒരു ഗതികേട് ഉണ്ടായാല്‍ അദ്ദേഹത്തെ കാണുന്ന അവസാന വ്യക്തിയായിരിക്കും താനെന്ന് മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിളിച്ചിട്ട് താന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാവരും ആദരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് വിഎം സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് മാത്രമെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. അദ്ദേഹത്തിന്റെ മാത്രമല്ല എല്ലാ മുതിർന്ന നേതാക്കളുടെയും അഭിപ്രായം ഉള്‍ക്കൊള്ളണം. കണ്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് ഹൃദ്യമായിരിക്കണമെന്നും കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.സംഘടനയില്‍ അച്ചടക്കം വേണ്ടത് അനിവാര്യമാണ്. അതിലൊന്നും ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *