Kerala

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; പിടികൂടിയത് 21 ലക്ഷത്തിന്റെ സ്വർണം

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 21 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. കാസർകോട് കളമാട് സ്വദേശിനിയായ ആയിഷ ബഷീറിൽ നിന്നാണ് 490 ഗ്രാം സ്വർണാഭരണങ്ങൾ ബാഗിൽ ഒളിപ്പിച്ചു കടത്തവെയാണ് കസ്റ്റംസ് കണ്ടെത്തിയത്. ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. ബാഗേജിലുണ്ടായിരുന്ന ആഭരണങ്ങളാണ് പിടികൂടിയത്. ഇവരുടെ പേരിൽ കസ്റ്റംസ് കേസെടുത്തു.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, എൻസി പ്രശാന്ത്, സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ പ്രകാശൻ കൂവൻ, അശോക് കുമാർ, ജൂബർ ഖാൻ, രാംലാൽ, ദീപക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം കണ്ടെത്തിയത്.

അതേസമയം,കോവിഡ് കാലത്ത് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 38 കോടിയോളം രൂപയുടെ സ്വർണം പിടികൂടിയതായി നേരത്തെ കണക്കുകൾ പുറത്തുവന്നിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ സെപ്തംബർ 17 വരെയായി 76 കിലോയിലധികം സ്വർണമാണ് പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ട് 122 കേസുകളും കസ്റ്റംസ് രജിസ്റ്റർ ചെയ്തു.

കോവിഡിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളിൽ വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വർണക്കടത്തും കുറഞ്ഞിരുന്നു.എന്നാൽ ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ മിക്കവരും വൻകിട സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാണ്. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വർണം കടത്തുന്നത്. ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിൽ വരെ സ്വർണം ഒളിപ്പിച്ച് കടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ ശ്രമം നടന്നിരുന്നു. ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിക്കപ്പെട്ടാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.ഈ സാഹചര്യം ഒഴിവാക്കാൻ ഇതിൽ കുറഞ്ഞ അളവിലാണ് മിക്കപ്പോഴും സ്വർണം കടത്തിക്കൊണ്ടു വരുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *