തൃക്കാക്കര നഗരസഭാ പണക്കിഴി വിവാദത്തിൽ ചെയർപേഴ്സന്റെ ഓഫീസ് ഓഫീസ് സീൽ ചെയ്തു. വിജിലൻസിന്റെ ആവശ്യപ്രകാരം നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസ് നഗരസഭാ സെക്രട്ടറിയാണ് സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ചത്.
ചെയർപേഴ്സന്റെ മുറിയിലുള്ള സി സി ടി വി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നടപടി.ഇനിം ഓഫീസ് വിജിലൻസിന്റെ അനുമതിയില്ലാതെ തുറക്കരുതെന്നാണ് നിർദ്ദേശം. ഹാർഡ് ഡിസ്ക്, മോണിറ്റർ, സി പി യു തുടങ്ങിയ ഉപകരണങ്ങൾ തെളിവായി സംരക്ഷിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരസഭാ കൗൺസിലര്‍മാര്‍ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് സംഘം പരിശോധനയ്ക്കായി എത്തുന്നതിനു മുൻപ് തന്നെ അജിതാ തങ്കപ്പൻ ഓഫീസ് പൂട്ടി പുറത്തേക്ക് പോയി. ഒരുപാട് തവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ഓഫീസിൽ വരാൻ നഗരസഭാ അദ്ധ്യക്ഷ കൂട്ടാക്കിയില്ല. ഇതോടെയാണ് വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഓഫീസ് മുറി പൂട്ടി സീൽ ചെയ്തത്