കണ്ണൂര് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഈ മാസം ഇതുവരെ ജില്ലയിൽ 28,736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓണത്തിന് അനുവദിച്ച ഇളവുകൾ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന ആരോഗ്യവകുപ്പിൻെറ അനുമാനം ശരിവെക്കുന്ന തരത്തിലാണ് നിലവിലെ കണക്കുകൾ.
ഇന്നലെ ജില്ലയിൽ രോഗികളുടെ എണ്ണം ഇരട്ടിയോളം വർധിച്ചു.ഇന്നലെ മാത്രം 1930 പേരാണ് പുതുതായി രോഗബാധിതരായത്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതാടെ ജില്ലയിലെ ആശുപത്രികളും നിറയുകയാണ്. നേരത്തെ കോവിഡ് സ്ഥിരീകരിക്കുന്നവരിൽ 75 ശതമാനവും കിടത്തിചികിത്സ ആവശ്യമായിരുന്നവരായിരുന്നെങ്കിൽ നിലവിൽ പകുതിയിൽ താഴെ പേർക്ക് മാത്രമേ ആശുപത്രിവാസം ആവശ്യമായിവരുന്നുള്ളൂ. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 90 ശതമാനം പേർക്കും ഓക്സിജൻ, ഐ.സി.യു, വൻെറിലേറ്റർ സൗകര്യം ആവശ്യമായവരാണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ എല്ലാവർക്കും കാര്യമായ പരിചരണം വേണ്ടിവരുന്നുണ്ട്. കോവിഡ്, കോവിഡേതര ചികിത്സക്കായി ജില്ലയിൽ 75 ആശുപത്രികളാണുള്ളത്.
സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, കോവിഡ് ആശുപത്രികളും സർക്കാർ, സ്വകാര്യ മേഖലയിലെ ചികിത്സാകേന്ദ്രങ്ങളും അടക്കമുള്ള കണക്കാണിത്. 553 ഐ.സി.യു അടക്കം 5812 കിടക്കകളാണ് ജില്ലയിലുള്ളത്. ആരോഗ്യവകുപ്പിൻെറ ബുധനാഴ്ചത്തെ കണക്കുപ്രകാരം ഇതിൽ 43.7 ശതമാനം ഒഴിവുണ്ട്. 23 ശതമാനം ഐ.സി.യു മാത്രമാണ് ഒഴിവുള്ളത്. ഇതിൽ മിക്കവയും ഉപയോഗിക്കാനാവാത്തതാണ്. കോവിഡ് ചികിത്സക്കായി 213 ഐ.സി.യു കിടക്കകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതിൽ 49 എണ്ണമാണ് ഒഴിവുള്ളത്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒട്ടുമിക്ക കിടക്കകളും ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. ജില്ല ആശുപത്രിയിൽ 23 ഐ.സി.യുകളിൽ ഒന്നുപോലും ഒഴിവില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ 17ൽ മൂന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 210ൽ 25 ഐ.സി.യു കിടക്കകളും മാത്രമാണ് ഒഴിവുള്ളത്.കൂടാതെ ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും ഐ.സി.യു കിടക്കകൾക്ക് ക്ഷാമമുണ്ട്.
കോവിഡും ഇതരരോഗങ്ങളും ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന രോഗികളെ പ്രവേശിപ്പിക്കാനായി ഐ.സി.യു അന്വേഷിച്ച് പായുന്ന ബന്ധുക്കളുടെ അവസ്ഥ വളരെ ദയനീയമാണ്. ആംബുലൻസുകളും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. കോവിഡ് കണക്കുകൾ ഉയരുകയാണെങ്കിൽ സ്ഥിതി ഗുരുതരമാകാനിടയുണ്ട്. ഓക്സിജൻ അടക്കം ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും.