എറണാകുളത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ വീണ്ടും 4000 കടന്നതോടെ ആശങ്കയും കൂടി. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ഐസിയു, ഓക്സിജൻ കിടക്കകൾ ലഭ്യമാണെങ്കിലും മേയ് മാസത്തിലെ അവസ്ഥയിലേക്കു നീങ്ങിയാൽ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.കോവിഡ് രണ്ടാം തരംഗം ഏറ്റവും തീവ്രമായത് മേയിലാണു. മേയ് 12നു പ്രതിദിന കോവിഡ്രോ ബാധിതരുടെ എണ്ണം ജില്ലയിൽ 6410 വരെ ഉയർന്നു. മേയ് 19നായിരുന്നു ഇതിനു മുൻപ് കേസുകൾ നാലായിരത്തിനു മുകളിലെത്തിയത് – 4282. പിന്നീട് കുറഞ്ഞെങ്കിലും വല്ലാതെ താഴേക്കു വന്നില്ല.
ശരാശരി 2200 കേസുകൾ ഈ മാസവുമുണ്ടായിരുന്നു. എന്നാൽ,ഓണവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കോവിഡ് സംഖ്യ വീണ്ടും നാലായിരത്തിനു മുകളിലെത്തി.ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 20,600 പേരാണു . ഇതിൽ 1600 പേർ ആശുപത്രി ചികിത്സയിലാണ്. മുന്നൂറിലേറെ പേർ ഐസിയുവിലും. ഓക്സിജൻ സഹായത്തിൽ 310 രോഗികളും കഴിയുന്നു. ഈ മാസം അവസാനമാകുമ്പോഴേക്കും ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 35,600 വരെയാകാമെന്നാണ് ആരോഗ്യ വിഭാഗം കണക്കുകൂട്ടുന്നത്.
ഇതിൽ 2800 പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വരും.ഇതിനോടകം ജില്ലയിലെ 60% പേർ ഭാഗികമായും 20% പേർ പൂർണമായും വാക്സീൻ എടുത്തിട്ടുണ്ട്. വാക്സീൻ എടുത്തവരിലും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും അവരിൽ രോഗം തീവ്രമാകുന്നില്ലെന്നത് ആശ്വാസകരമാണ്. ഓണക്കാലത്ത് വീടുകൾക്കുള്ളിൽ കോവിഡ് വ്യാപനം കൂടുതലായിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു.ഇതിന്റെ ബലമായി വരും ദിവസങ്ങളിൽ ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കൂടാനാണു സാധ്യത.
കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2210 കിടക്കകൾ ആണെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ രോഗ തീവ്രത കൂടിയവരെ ചികിത്സിക്കാൻ കഴിയുന്ന 630 കിടക്കകളുണ്ടെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന്
ജില്ലയിൽ ഇന്നലെ 146 പേർക്കെതിരെ നടപടികളെടുത്തു.