Kerala

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നു

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സർക്കാർ. സർക്കാർ ജീവനക്കാർക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകാൻ സർക്കാർ നിർദേശിച്ചു. ആറു മാസത്തിലൊരിക്കൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വകുപ്പ് മേധാവികൾ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് നൽകണം.

കേരളത്തിൽ സ്ത്രീധന പീഡന മരണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടൊപ്പം ഹൈക്കോടതിയിൽ വിദ്യാഭ്യാസ പ്രവർത്തകയായ ഇന്ദിരാ രാജൻ നൽകിയ കേസിൽ സർക്കാരിനോട് വിശദീകരണവും തേടിയിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിൽ പുറത്തിറക്കിയ സർക്കുലറിലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരേയും ഉൾപ്പെടുത്തിയത്. കൂടാതെ സ്വയംഭരണ സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. വിവാഹം നടന്ന് ഒരു മാസത്തിനകം വകുപ്പ് മേധാവികളോ സ്ഥാപന മേധാവികളോ സത്യവാങ്മൂലം വാങ്ങിയിരിക്കണം.

സത്യവാങ്മൂലത്തിൽ തസ്തികയും ഓഫീസും വ്യക്തമാക്കണം. ഈ സത്യവാങ്മൂലത്തിൽ പിതാവിന്റേയും ഭാര്യയുടേയും ഭാര്യാപിതാവിന്റേയും ഒപ്പും ഇതിൽ നിർബന്ധമാണ്. ഇതിന്റെ മാതൃകയും സംസ്ഥാന സർക്കാർ പുറത്തിറക്കി. സർക്കാരിന്റെ ഭാഗമായ സർക്കാർ ജീവനക്കാർ പോലും സ്ത്രീധനം വാങ്ങുന്നതിൽ നിന്നും മുക്തരല്ലെന്നതു ലജ്ജിപ്പിക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു.

ഏതു സംബന്ധിച്ച റിപ്പോർട്ട് ആറു മാസത്തിലൊരിക്കൽ ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസറായ ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് നൽകണം. ഈ കാലയളവിൽ എത്ര ജീവനക്കാർ വിവാഹം കഴിച്ചുവെന്നും എത്രപേർ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സത്യവാങ്മൂലം നൽകാതിരുന്നാലും വ്യാജസത്യവാങ്മൂലം നൽകിയാലും വകുപ്പുതല നടപടിക്കും നിയമനടപടിക്കുമാണ് നീക്കം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *