ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മൂന്നു ദിവസം ഇളവു നൽകിയതിൽ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നൽകിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ഡി വിഭാഗത്തിൽ ഒരു ദിവസം ഇളവു നൽകിയ നടപടി തീർത്തും അനാവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടിവരുമെന്ന് കോടതി സർക്കാരിന് മുന്നറിയിപ്പുനൽകിയ. യുപിയിലെ കൻവാർ യാത്ര കേസിൽ സുപ്രീം കോടതി നൽകിയ നിർദേശങ്ങൾ കേരളത്തിനു ബാധകമാണെന്ന് ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു മേൽ ഒരു സമ്മർദ ഗ്രൂ്പ്പിനും-മതപരമായാലും അല്ലെങ്കിലും- ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ഇളവുകൾ മൂലം രോഗ വ്യാപനം ഉണ്ടായാൽ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം. കോടതി അതിൽ നടപടിയെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സമ്മർദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു.