Kerala

കോവിഡ് പ്രതിരോധം; എറണാകുളത്ത് വാർഡ് തല നിയന്ത്രണത്തിൽ ജാഗ്രത വർധിപ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുതല നിയന്ത്രണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശം നൽകി. ജില്ലയിലെ റ്റി.പി.ആർ വളരെ ഉയർന്ന് നിൽക്കുന്ന കൂടുതൽ രോഗികളുള്ള വാർഡുകളിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പുന്റെയും പ്രത്യേക ശ്രദ്ധയുണ്ടാകണം. ഇക്കാര്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കർശന ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ഐ.ആർ.എസ് സമിതികളുടെ സജീവ ഇടപെടൽ ഉറപ്പാക്കും.

ലോഡ് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ ആളുകൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി. റ്റി.പി.ആർ നിരക്ക് ജി്ല്ലയിലും സ്ഥിരമായി തുടരുകയാണ്. ജനസംഖ്യ കൂടുതലുള്ള ജില്ല ആയതിനാൽ ഇവിടെ ജാഗ്രത ശക്തമായി തുടരേണ്ടതുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. സിക്ക വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടികണ്ട് ജാഗ്രത കൂടുതൽ ശക്തിപ്പെടുത്താനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഓഫീസിലും പരിസരത്തും കൊതുകു പെരുകുന്ന സാഹചര്യം ഒഴവാക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.

മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനായി എല്ലാ വകുപ്പുകളും ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ പൂർത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ വില്ലേജ് തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനായി ക്രമീകരണങ്ങൾ ഉറപ്പാക്കണം. താലൂക്ക്, വില്ലേജ് തലങ്ങളിൽ ഇതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതി തയ്യാറാക്കും. അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്ന സാഹചര്യമുണ്ടായിൽ ബുദ്ധിമുട്ട് നേരിട്ടേക്കാവുന്ന പ്രദേശങ്ങൾക്കായി പ്രത്യേക രക്ഷാ സംവിധാനം ഒരുക്കി അത് താലൂക്ക് തലത്തിലും വാർഡ് തലത്തിലും പ്രാവർത്തികമാക്കണം.

ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സിവിൽ ഡിഫെൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ഇരിക്കാനുള്ള നിർദേശം നൽകണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റേണ്ടതാണ്. മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുള്ള ദിവസങ്ങളിൽ കടലിൽ പോകുന്നില്ലെന്ന് ഫിഷെറീസ് വകുപ്പും കോസ്റ്റൽ പോലീസും ഉറപ്പാക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.

നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കാൻ വൈദ്യുതി വകുപ്പിന് യോഗം നിർദേശം നൽകി. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ടതാണ്. ലൈനുകളുടേയും ട്രാൻസ്‌ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻകൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കേണ്ടതാണ്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ. ആർ വൃന്ദാദേവി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *