തിരുവനന്തപുരം: സിക്ക വൈറസ് ബാധ തലസ്ഥാന ജില്ലയിൽ റിപ്പോർട്ട് ചെയ്ത സഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്.ഇതിന്റെ ഭാഗമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് പരിശോധിക്കും. കൊതുകിന്റെ ഉറവിടനശീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും പരിശോധന നടത്തും. ഇതിനായി സമഗ്രമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും തിരുവനന്തപുരം ഡിഎംഒ ഡോ. കെ എസ് ഷിനു അറിയിച്ചു. സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഡിഎംഒയുടെ പ്രതികരണം.
രോഗബാധയിൽ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഡിഎംഒ അറിയിക്കുന്നു. രോഗബാധ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി പരിസരം കേന്ദ്രസംഘം പരിശോധിച്ചു. ഇതുവരെ കേരളത്തിൽ മൊത്തം 17 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. രോഗം റിപ്പോർട്ട് ചെയ്തതിൽ ഒരു കുഞ്ഞുമുണ്ട്. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.