Kerala

വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണം: കണ്ണൂർ ഡിഎംഒ

കണ്ണൂർ: പകർച്ചവ്യാധികളിൽ ഭൂരിപക്ഷവും ജന്തുജന്യ രോഗങ്ങളാണെന്നും അതുകൊണ്ടുതന്നെ വളർത്തു മൃഗങ്ങളുമായി ഇടപഴകുമ്പോൾ ജാഗ്രാത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായിക് പറഞ്ഞു. ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെയും ആഭിമുഖ്യത്തിൽ ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും എന്ന വിഷയത്തിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേ വിഷബാധ, കുരങ്ങു പനി, എലിപ്പനി, വെസ്റ്റ്‌നൈൽ ഫീവർ, സ്‌ക്രബ്ബ് ടൈഫസ് എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ജന്തുജന്യ രോഗങ്ങൾ. മൃഗങ്ങളുമായും അവരുടെ ശരീര സ്രവങ്ങളുമായും സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്ത് മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മുഖത്തോട് ചേർത്ത് മൃഗങ്ങളെ ഓമനിക്കരുത്. അഞ്ച് വയസ്സിൽ താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ മൃഗങ്ങളോട് അടുത്ത് ഇടപഴകുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഡി എം ഒ അറിയിച്ചു.

തുടർന്ന് ”മാനേജ്‌മെന്റ് ഓഫ് റാബീസ്” എന്ന വിഷയത്തിൽ മങ്ങാട്ടുപറമ്പ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ബിനോ ജോസ്, ”വൺ ഹെൽത്ത് അപ്പ്രോച്ച്” എന്ന വിഷയത്തിൽ ആർ ഡി ഡി എൽ കണ്ണൂരിലെ വെറ്റിനറി സർജൻ ഡോ. എ ആർ രഞ്ജിനി എന്നിവർ ക്ലാസെടുത്തു.

ഡെപ്യൂട്ടി ഡി എം ഒ ഡോ. എം കെ ഷാജ്, എപ്പിഡമോളജിസ്റ്റ് ഡോ. ദീപക് രാജൻ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്‌നിക്കൽ അസിസ്റ്റന്റ് കെ പ്രകാശ് കുമാർ, ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ തുടങ്ങിയവർ പങ്കെടുത്തു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *