Kerala

ആതുര സേവന രംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ്

എറണാകുളം : ആതുര സേവന രംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായി വളരുന്ന മെഡിക്കൽ കോളേജിൽ വൻ വികസന പദ്ധതികളാണ്‌ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. നിപ്പ വൈറസ്‌ രോഗ ഭീതിയിൽ നാട്‌ പകച്ച്‌ നിന്നപ്പോഴും ഇനിയും ശമിച്ചിട്ടില്ലാത്ത കോവിഡ്‌-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും ആയിരങ്ങളുടെ ജീവന്‌ സുരക്ഷാ കവചമൊരുക്കിയ സ്ഥാപനം കൂടിയാണിത് . അടിസ്ഥാന – സൗകര്യ വികസനത്തിന്റെയും നൂതനചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായി 9 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ്‌ മെഡിക്കൽ കോളേജിൽ ത്വരിതഗതിയിൽ പൂർത്തിയാക്കിയത്. ഡോക്ടേഴ്‌സ്‌ ഫാമിലി ക്വാർട്ടേഴ്‌സ്‌, ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ്‌, നവീകരിച്ച 20 പേ വാർഡ്‌, സ്ട്രീറ്റ്‌ ലൈറ്റ്‌ സംവിധാനം , ഡിജിറ്റൽ മാമോഗ്രാഫിമെഷീൻ , അഫെറിസിസ്‌ മെഷീൻ, ആധുനിക ഐ.സി.യു ആംബുലൻസ്‌, നവീകരിച്ച കാരുണ്യ ഫാർമസി എന്നീ പദ്ധതികളുടെ ഉദ്ഘടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ജൂലൈ 13 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് നിർവഹിക്കും.

മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ച് ഇരുപത് വർഷത്തോളമായെങ്കിലും ജീവനക്കാർക്ക് ക്വാട്ടേഴ്സ് സൗകര്യം ലഭ്യമായിരുന്നില്ല. ആദ്യ പടി എന്ന നിലയിൽ 4 നിലകളിയായി 8 ഡോക്ടേഴ്സ് ഫാമിലി ക്വാർട്ടേഴ്സാണ്‌ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പണികഴിപ്പിച്ചിരിക്കുന്നത്. ഒരു നിലയിൽ 2 ക്വാർട്ടേഴ്സ് വീതമാണുള്ളത് . 14,639 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന ക്വാർട്ടേഴ്സിൽ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 5 കോടി രൂപ ചെലവിലാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത് . കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന് ആശുപത്രി പരിസരത്ത് നിർമ്മിച്ച ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് നിർണ്ണായക പങ്കാണ് വഹിച്ചത് .

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച 4 ഓക്സിജൻ ജനറേറ്റർ പി.എസ്.എ പ്ലാൻറുകളിൽ ആദ്യത്തേത് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലാണ് പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിട്ടിൽ 600 ലിറ്റർ ഓക്സിജനാണ്. 92 ലക്ഷം രൂപ മുതൽമുടക്കിലാണ്‌ പ്ലാന്റ് സ്ഥാപിച്ചിരുക്കുന്നത്. ന്യൂഡൽഹിയിൽ നടത്തിയ പ്ലാന്റിന്റെ ഗുണപരിശോധനയിൽ നിഷ്കർഷിക്കപ്പെട്ട 94-95 ശതമാനം ഓക്സിജൻ ശുദ്ധമാണെന്ന് തെളിഞ്ഞിരുന്നു . നിലവിൽ കോവിഡ് ബാധിതരെ ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുള്ള 8 വാർഡുകളിലേക്കാണ് പുതിയ പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഓക്സിജൻ നൽകുന്നത്. അന്തരീക്ഷവായു വലിച്ചെടുത്തു കംപ്രഷൻ നടത്തി അഡ്സോർപ്ഷൻ സാങ്കേതിക വിദ്യയിലുടെയാണ് ഓക്സിജൻ നിർമിക്കുന്നത്. ഓക്സിജൻ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈൻ വഴി 250 കിടക്കകളിലേക്ക് ഓക്സിജൻ നൽകാൻ സാധിക്കും.

കളമശ്ശേരി ക്യാംപസ്സിൽ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ സ്ഥാപിച്ച 20 പേ വാർഡ് മുറികളാണുണ്ടായിരുന്നത് . ഡോക്ടേഴ്സ് ഫാമിലി ക്വാർട്ടേഴ്സിന് സമാനമായ രീതിയിൽ പേ വാർഡും നവീകരിച്ചു. കാലപ്പഴക്കം വന്ന പേ വാർഡിൽ ടൈലുകൾ പാകിയും രോഗീ സൗഹൃദപരമായ ടോയ്ലറ്റുകളും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും കൂടി പ്രയോജനകരമാകുന്ന രീതിലാണ് നവീകരിച്ചത് . 50 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പേ വാർഡിൽ നടപ്പിലാക്കിയത് .

ക്യാമ്പസ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച വഴിവിളക്കുകളും മാറ്റി സ്ഥാപിച്ചു. ക്യാമ്പസ്സിന്റെ വിവിധ ഭാഗങ്ങളിലായി 4 ഹൈ മാസ്റ്റ് വിളക്കുകൾ ഉൾപ്പെടെ 55-ഓളം പ്രകൃതി സൗഹൃദവും ഊർജ്ജ പരിപാലനത്തിനുമുതകുന്ന എൽഇഡി വഴിവിളക്കുകൾ സ്ഥാപിച്ച് സ്ട്രീറ്റ് ലൈറ്റ് സംവിധാനം വിപുലമാക്കി. 52.80 ലക്ഷം രൂപ മുതൽ മുടക്കിലാണ് സ്ട്രീറ്റ് ലൈറ്റ് ഒരുക്കിയത് .
25 കോടി രൂപ ചെലവിൽ സ്ഥാപിച്ചിട്ടുള്ള ഇമേജിംഗ് സെന്ററിന്റെ ഭാഗമായി എംആർഐ സ്കാൻ , ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷീൻ , ഡിജിറ്റൽ എക്സറെ , പാക് സംവിധാനങ്ങൾക്ക് പുറമെ സ്തനാർബുദ രോഗ നിർണ്ണയത്തിനു അത്യാധുനിക ഡിജിറ്റൽ മാമോഗ്രാഫി സംവിധാനവും സ്ഥാപിച്ചു. കൂടാതെ അനുബന്ധ സ്കാൻ ചെയ്യാൻ ഓട്ടോമേറ്റഡ് ബ്രസ്റ്റ് അൾട്രാ സൗണ്ട് മെക്കാനിസവും സ്ഥാപിച്ചു . ഇതിനായി 1 കോടി 69 ലക്ഷം രൂപയാണ് ചെലവിട്ടത് .

ചില രോഗാവസ്ഥകളിലും വിഷം തീണ്ടലിലും രക്തത്തിൽ ഉണ്ടായേക്കാവുന്ന ദോഷകരമായ ഘടകങ്ങൾ മാറ്റാൻ ഉതകുന്ന അഫേറിസിസ്‌ സംവിധാനവും സ്ഥാപിച്ചു . കെ. ജെ. മാക്‌സി, എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് അഫേറിസിസ്‌ മെഷീൻ സ്ഥാപിച്ചത്.

മെഡിക്കൽ കോളേജിൽ മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 40.31 ലക്ഷം രൂപ ചെലവിൽ ഒരു ആധുനിക ഐ.സി.യു ആംബുലൻസ്‌ വാങ്ങിച്ചു. മറ്റ് ആംബുലൻസുകളെ അപേക്ഷിച്ച് വിസ്തൃതി കൂടുതലുള്ളതിനാൽ കൂടുതൽ
മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിക്കാൻ സാധിക്കും. ജീവൻ രക്ഷാ ഉപകരണങ്ങളായ 6.16 ലക്ഷം രൂപയുടെ പോർട്ടബിൾ വെന്റിലേറ്റർ വിത്ത് ഓക്‌സിജൻ , കൂടാതെ ഡെഫിബ്രിലേറ്റർ, മൾട്ടി പാരാമോണിറ്റർ ഇൻഫ്യൂഷൻ പമ്പ് എന്നിവ സൂക്ഷിക്കാൻ ഉതകുന്നതും രോഗീ സൗഹൃദപരവുമാണ് ഈ ആംബുലൻസ്.

ആർദ്രം പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് മരുന്നു വിതരണം സൗകര്യ പ്രദമാക്കാൻ മെഡിക്കൽ കോളേജിലെ സർക്കാർ , കാരുണ്യ എച്ച്എൽഎൽ ഫാർമസികൾ അടുത്തടുത്തായി സ്ഥാപിച്ചു. കൂടാതെ കാരുണ്യ ഫാർമസിയിൽ നവീകരിച്ച കാത്തിരുപ്പു കേന്ദ്രവും, ടോക്കൺ സംവിധാനവും നടപ്പാക്കി . ഇതിനു പുറമെ കൗണ്ടറുകളുടെ എണ്ണം കൂട്ടി ഐ.പി / ഒ.പി രോഗികൾക്ക് പ്രത്യേകം പ്രത്യേകം മരുന്നു വിതരണ സംവിധാനവും നടപ്പിലാക്കി. ഇത്തരത്തിൽ ആധുനിക രീതിയിൽ രോഗീ സൗഹാർദ്രമായ മരുന്നു വിതരണ സംവിധാനമാണ് കാരുണ്യ ഫാർമസിയിൽ ഒരുക്കിയിരിക്കുന്നത് .

ആരോഗ്യ വനിതാ ശിശു വികസനവകുപ്പു മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ് , ഹൈബി ഈഡൻ എം പി , കെ ജെ മാക്സി എം എൽ എ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *