കാസർഗോഡ്: പാര്‍ട്ടി തീരുമാനത്തിനെതിരെ നിലപാട് എടുത്തതിൽ കാസർഗോഡ് സിപിഐയില്‍ അച്ചടക്ക നടപടി.സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ നിലപാട് എടുത്തെന്ന് കണ്ടെത്തിയ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്, ജില്ലാ കൗണ്‍സിലംഗം എ ദാമോദരന്‍ എന്നിവരെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.
കാസർഗോഡ് ജില്ലയിലെ സിപിഐയുടെ ഏക സീറ്റായ കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന് തുടര്‍ച്ചയായി മൂന്നാമതും മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ പാർട്ടിയെ ഇരുവരും പ്രതിഷേധം അറിയിച്ചിരുന്നു. മാര്‍ച്ച് 12ന് ചേര്‍ന്ന എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്വന്ഷന് ദിവസം ബങ്കളം കുഞ്ഞികൃഷ്ണന് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവച്ചതും മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയതുമാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചതെന്നാണ് വിവരം.