Kerala

കൊച്ചി മെട്രോ; ഇന്ന് മുതൽ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ സർവീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സഞ്ചരിച്ചത് 12,574 പേർ.കോവിഡിന് മുൻപ് മെട്രോയിൽ പ്രതിദിന ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി കുറഞ്ഞു.വാരാന്ത്യ ലോക്ക്ഡൗണിൽ സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു.

ഇന്ന്മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതരുടെ പ്രതീക്ഷ. നിലവിൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചാണ് മെട്രോ ഓടുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന സർവീസ് രാത്രി എട്ടിന് അവസാനിക്കും. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സർവീസ് നടത്തുന്നത്. കോവിഡ് മഹാമാരിക്ക് മുൻപ് രാവിലെ ആറിന് ആരംഭിക്കുന്ന സർവീസ് രാത്രി ‌പത്തിനായിരുന്നു അവസാനിച്ചിരുന്നത്.

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന പശ്ചാത്തലത്തിൽ, യാത്രക്കാരുടെ എണ്ണം കൂടുന്നമുറയ്ക്ക് പഴയ സമയക്രമം പിന്തുടരുമെന്ന് കെഎംആർഎൽ അറിയിച്ചു. ലോക്ക്‌ഡൗണിനുശേഷം സർവീസ് നടത്തിയ ആദ്യ നാലുദിവസങ്ങളിൽ ‌കൊറോണ മാനദണ്ഡലംഘനം നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കൊച്ചി വൺ കാർഡ് ഉപയോഗിച്ചാണ് യാത്രക്കാരിൽ ഭൂരിഭാ​ഗവും മെട്രോയിൽ സഞ്ചരിച്ചത്. ലോക്ക്ഡൗൺ കാരണം സർവീസുകൾ അനിശ്ചിതമായി നിർത്തിവച്ചതിനെ തുടർന്ന് കാലാവധി കഴിഞ്ഞ ട്രിപ്പ് പാസുകൾക്ക് അവശേഷിക്കുന്ന തുക തിരികെ നൽകിയിട്ടുണ്ട്. കൊച്ചി വൺ ആപ്പിലൂടെ യാത്രക്കാർക്ക് രണ്ട് ക്ലിക്കുകൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.ആലുവയിൽനിന്നുള്ള എയർപോർട്ട് ഫീഡർ ബസ് സർവീസും പുനരാരംഭിച്ചിട്ടുണ്ട്.രാവിലെ 7.50 ന് വിമാനത്താവളത്തിൽനിന്നും 8.30ന് ആലുവ മെട്രോ സ്‌റ്റേഷനിൽനിന്നുമാണ് ആദ്യ ബസ് സർവീസ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *