Kerala

വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത,40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 30 – 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്ന് കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ,എറണാകുളം,ഇടുക്കി എന്നി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജി്ല്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. 24 മണിക്കൂറില്‍ 115 mm വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *