തിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബസമേതം രാത്രി നടക്കാനിറങ്ങിയ എജീസ് ഓഫീസ് ഉദ്യോഗസ്ഥരെ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്തരേന്ത്യക്കാരായ രണ്ട് പേര്‍ക്കാണ് ഉദ്യോഗസ്ഥരെ വെട്ടേറ്റത്. ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ടത്. ഇന്നലെ രാത്രി കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴാണ് പേട്ടയില്‍ വച്ചാണ് സംഭവം.
എജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ ഓപ്പറേറ്റര്‍ ജഗത് സിങ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു ആക്രമണമെന്നും ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘമാണ് വെട്ടിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ബൈക്ക് നിര്‍ത്തി അക്രമികള്‍ ഭാര്യമാരെ കടന്നുപിടിക്കുകയായിരുന്നെന്ന് ഇവർ പറയുന്നു.അക്രമികളുടെ കൈയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ വെട്ടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ രണ്ടംഗസംഘം വെട്ടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ പൊലീസാണ് പേട്ട ആശുപത്രിയിലെത്തിച്ചത്.
സംഭവ ശേഷം അക്രമികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ഉദ്യോഗസ്ഥർ നൽകിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെകുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു