പാലക്കാട്: ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. അമ്മയുടെ കുടുംബ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാത്തിമ ഷിഫ നാട്ടുകല്‍ എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. രണ്ട് മാസമായി അമ്മയുടെ വീട്ടിൽ താമസിക്കുകയായിരുന്ന കുട്ടി അടുത്തദിവസം അച്ഛന്റെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ ഷബീറയും നാല് വയസുകാരിയായ സഹോദരി ലിയയും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു.
മുറിക്കുള്ളിലേക്ക് കയറി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഫാത്തിമ പുറത്തിറങ്ങിയില്ല. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാത്തിമയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുഞ്ഞിനെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.