Kerala

വിസ്മയയുടെ മരണം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, കിരണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും

കൊല്ലം: വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെ രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ കിരണിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. വിസ്മയയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കിരണിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്.

വിസ്മയയുടെ മരണശേഷം ഒളിവിലായിരുന്ന കിരൺ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. വിസ്മയയുടെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തും.

വിസ്മയയുടെയും കിരണിന്റെയും വിവാഹം കഴിഞ്ഞ വർഷം മെയിലായിരുന്നു . അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെടർ ആണ് കിരൺ. വിസ്മയയെ ഇന്നലെ പുലർച്ചെയാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കിരൺ പതിവായി വിസ്മയയെ പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇതിന് തെളിവായുള്ള വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *