കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വ്യാഴാഴ്ച മുതൽ കൂടുതൽ മാറ്റങ്ങൾ. വ്യാപകമായുളള നിയന്ത്രണങ്ങൾ ഉണ്ടാകില്ല. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രികരിച്ചാകും ഇനി മുതൽ നിയന്ത്രണം ഏർപ്പെടുത്തുക. നിലവിൽ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാർബർഷോപ്പുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും. സമ്പൂർണമായ തുറന്നുകൊടുക്കൽ ഉണ്ടാവില്ലെന്നാണ് വിവരം. ടി.പി.ആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളിൽ സാധാരണ ലോക്ഡൗണും ഏർപ്പെടുത്തിയേക്കും.
ലോക്ഡൗൺ പ്രഖ്യാപിച്ചതിൻറെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന വ്യാപകമായി ടി.പി.ആർ കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആർ നിരക്ക് 35 ശതമാനത്തിൽ കൂടുതലാണ്. അതേസമയം, ലോക്ക്ഡൗൺ നീട്ടുന്നത് ജനങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെ ജില്ലകളിൽ ടി.പി.ആർ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പത്ത് ശതമാനത്തിലും താഴെയായി. കേസുകളുടെ എണ്ണം 20 ശതമാനം കുറഞ്ഞു. എന്നാൽ, 14 തദ്ദേശ സ്ഥാപന പരിധിയിൽ ടി.പി.ആർ 35 ശതമാനത്തിലും കൂടുതലാണ്. 37 തദ്ദേശ സ്ഥാപന പരിധിയിൽ 28 മുതൽ 35 വരെയാണ്. 127 ഇടത്ത് 21നും 28നും ഇടയിലാണ് ടി.പി.ആർ.
രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് വിദഗ്ധാഭിപ്രായം. എന്നാൽ ജാഗ്രത കൈവിട്ടാൽ മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്. മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. പ്രതിദിന വാക്സിൻ വിതരണം രണ്ട് മുതൽ രണ്ടര ലക്ഷം വരെയായി ഉയർത്താനാണ് തീരുമാനം.