Kerala

അഞ്ഞൂറാം ദിനത്തിലും ജാഗ്രതയോടെ കോവിഡ് 19 കണ്‍ട്രോള്‍ റൂം; സാങ്കേതികത്തികവോടെ നൂറോളം ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സംസ്ഥാന കോവിഡ് കൺട്രോൾ റൂം 500 ദിവസം പൂർത്തിയാക്കി. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കോവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിരുന്നു. ഇടവേളകളില്ലാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കൺട്രോൾ റൂമിലെ എല്ലാ അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ വലിയ പ്രവർത്തനമാണ് സംസ്ഥാന കോവിഡ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമുകളും നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ പ്രവർത്തിച്ചുവരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൽ, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകൾ, വാക്‌സിനേഷൻ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കൺട്രോൾ റൂമിലാണ് നടക്കുന്നത്.

സർവയലൻസ് ടീം, കോൾ സെന്റർ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആന്റ് അവയർനസ് ജെനറേഷൻ, മെറ്റീരിയൽ മാനേജ്‌മെന്റ് ടീം, ഇൻഫ്രാസ്ട്രക്ച്ചർ, സാമ്പിൾ ട്രാക്കിംഗ് ടീം, മീഡിയ സർവയലൻസ് ടീം, ഡോക്യുമെന്റേഷൻ ടീം, പ്രൈവറ്റ് ഹോസ്പിറ്റൽ സർവയലൻസ് ടീം തുടങ്ങിയ 18 വിദഗ്ധ കമ്മിറ്റികളാണ് കൺട്രോൾ റൂമിലുള്ളത്. ഇതേ മാതൃകയിൽ 14 ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുവരുന്നു. ഓരോ വിഭാഗവും ഒരു നോഡൽ ഓഫീസറുടെയും റിപ്പോർട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേൽനോട്ടത്തിലാണ് പ്രവർത്തനം നടത്തുന്നത്.

ഓരോ ദിവസവും ഈ 18 കമ്മിറ്റികളും ചെയ്ത പ്രവർത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികൾ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ എന്നിവരുടെയാരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം നടത്തുന്നത്.

എല്ലാ ദിവസവും തലേ ദിവസത്തെ കേസുകളും പ്രശ്‌നങ്ങളും വിലയിരുത്തിയാണ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ജില്ലാ കൺട്രോൾ റൂമുകളുമായും ചർച്ചകൾ നടത്തി വരുന്നു. സർക്കാർ തലത്തിൽ എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും ജില്ലകളിൽ അറിയിക്കുകയും വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. എല്ലാ പ്രധാന ആശുപത്രികളുമായും വീഡിയോ കോൺഫറൻസ് വഴി മിക്കവാറും ദിവസങ്ങളിൽ കോവിഡ് സംബന്ധിച്ച് വിദഗ്ധർ വിഷയാവതരണവും നടത്തിവരുന്നു.

ഈ കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് കോൾ സെന്ററുമുണ്ട്. കോൾസെന്ററിൽ വരുന്ന കോളുകൾക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങൾ നടപടികൾക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *