Kerala

മലപ്പുറം ജില്ലയില്‍ 3,932 പേര്‍ക്ക് കോവിഡ് ബാധ; 4,555 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,932 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 29.94 ശതമാനമാണ് ശനിയാഴ്ചയിലെ ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വൈറസ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,720 പേര്‍ക്കും 91 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 36 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 84 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,660 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 47,531 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,527 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 268 പേരും 210 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 710 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

രണ്ട് ലക്ഷത്തിലധികമാളുകളാണ് ഇത് വരെയായി ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. 4,555 പേര്‍ കൂടി രോഗമുക്തരായതോടെ ശനിയാഴ്ച വരെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 2,10,013 ആയി. ജില്ലയില്‍ ഇതുവരെ 777 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *