ഇലവുംതിട്ട: കുളനട പഞ്ചായത്തിലെ ആൽത്തറപ്പാട്ട് കോളനിയിലെ പന്നിക്കുഴി കിഴക്കേതിൽ നളിനിക്കിപ്പോൾ ഏറ്റവുംകൂടുതൽ വിശ്വാസം പോലീസിനെയാണ്. കാരണം പോലീസിന്റെ സ്നേഹവും കരുതലും കരുണയും തിരിച്ചറിഞ്ഞ ദിവസമാണിന്ന്. ഭർത്താവ് മരണപ്പെട്ട അമ്പത്താറുകാരി നളിനി ഒറ്റക്കാണ് താമസം. വരുമാനമാർഗവും കൂട്ടുമായി ആറ് ആടുകളും.
കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കൾ നളിനിയുടെ രണ്ട് ആടുകളെ കൂട്ടം ചേർന്ന് ആക്രമിച്ചിരുന്നു. ഒരാട് അപ്പോൾ തന്നെ ചത്തു. കടിയേറ്റ് മൃതപ്രാതാവസ്ഥയിൽ ചെറിയ ആട്ടിൻകുട്ടി. ആട്ടിൻകുട്ടിയെ മൃഗാശുപത്രിയിലെത്തിക്കാൻ സഹായമഭ്യർത്ഥിച്ച് ഇവർ ഇന്ന് ഉച്ചവരെ ഒരുപാട് പേരോട് സഹായമഭ്യർത്ഥിച്ചു. ആരും സഹായിച്ചില്ല.
അവസാനം ആരോ നൽകിയ ഇലവുംതിട്ട സിഐ എം രാജേഷിന്റെ നമ്പരിൽ സഹായമഭ്യർത്ഥിച്ച് വിളിച്ചതോടെ കഥ മാറി.എസ് എച്ച് ഒ ബീറ്റ് ഓഫീസറായ അൻവർഷായെ ഇവരുടെ അവസ്ഥ അറിയിച്ചു. ഉടനടി ഇവിടെയെത്തിയ ബീറ്റ് ഓഫീസർ അൻവർഷ വാഹനം എത്തിക്കുകയും ആടിനെയെടുത്ത് ഇലന്തൂരിലുള്ള വെറ്റിനറി ഡോക്ടർ കാതറിന്റെ വീട്ടിലെത്തിച്ച് അടിയന്തിര ചികിത്സ നൽകി. ആടിന്റെ ജീവൻ രക്ഷിക്കുവാൻ മൂന്ന് മണിക്കൂർ നീണ്ട പ്രയത്നം വിജയിച്ച സന്തോഷത്തിലാണ് അൻവർ ഷായും, പോലീസ് വളണ്ടിയർമാരായ അജോ അച്ചൻകുഞ്ഞും, അഖിലും..