എറണാകുളം: സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതു കൊടുങ്കാറ്റിലും യുഡിഎഫ് കോട്ട കാത്ത് പി.ടി. തോമസ്.14329 വോട്ടുകൾക്കാണ് തൃക്കാക്കര മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ പി.ടി. തോമസിന്റെ ഉജ്ജ്വല വിജയം. മണ്ഡലം രൂപീകരിച്ചിട്ട് മൂന്നാം തിരഞ്ഞെടുപ്പിലും തിളക്കമാർന്ന വിജയമാണ് മണ്ഡലത്തിൽ യുഡിഎഫ് നേടിയത്.
യു ഡി എഫിന്റെ ഉരുക്കുകോട്ടയിൽ ആദ്യ വിജയം നേടാൻ ഇടതു മുന്നണി നിയോഗിച്ചത് സ്വതന്ത്ര സ്ഥാനാർഥി ഡോ. ജെ. ജേക്കബിനെ ആയിരുന്നു. 14329 വോട്ടുകൾക്കു ജേക്കബിനെ പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് മണ്ഡലം വീണ്ടും നെഞ്ചോട് ചേർത്തത്. ഇടതു സ്ഥാനാര്ഥി ഡോ. ജെ. ജേക്കബ് 45,510 വോട്ട് നേടി. കോളജ് പഠനകാലത്തും, പാർട്ടിയുടെ യുവ നേതാവ് ആയിരുന്നപ്പോൾ മുതലും എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും ജയത്തിനു സഹായകമായി.
2011ൽ എറണാകുളം തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ നിന്നു ചില ഭാഗങ്ങൾ വീതം ചേർത്തു രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. ആദ്യ രണ്ട് തിരഞ്ഞെടുപ്പുകൾ നടന്ന 2011ലും 2016ലും ജയം അനുഗ്രഹിച്ചതു യുഡിഎഫിനെയായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാനു കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം നൽകി തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചു. അന്ന് അദ്ദേഹം 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സിപിഎമ്മിലെ എം.ഇ.ഹസൈനാരെ തറപറ്റിച്ചത് . പിന്നീടു 2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു; കെ.വി.തോമസിനു മണ്ഡലം നൽകിയ ഭൂരിപക്ഷം 17,314 വോട്ടുകൾ.എന്നാൽ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭ ഇരു മുന്നണികളിലെയും വിമതരുടെ പിന്തുണയോടെ പിടിച്ചെടുക്കാൻ കഴിഞ്ഞിരുന്നു .
2016ൽ സിറ്റിങ് എംഎൽഎ ബെന്നി ബഹനാനു പകരം പി.ടി.തോമസിനെയാണു മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്.ആ വര്ഷം അദ്ദേഹം മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. ഇതോടെയാണ് മണ്ഡലം യു ഡി എഫിന്റെ ഉരുക്കുകോട്ടയായി മാറിയത്.ശക്തമായ പിണറായി തരംഗം സംസ്ഥാനത്ത് ആഞ്ഞ് വീശിയപ്പോളും മണ്ഡലം കുലുക്കമില്ലാതെ നിലനിർത്തനായത് പി.ടി. തോമസിനും യുഡിഎഫിനും ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.