Election Kerala

ബിജെപിയുടെ ദയനീയ തോൽവി, അണപൊട്ടി അണികളുടെ പ്രതിഷേധം; ഒ രാജഗോപാലിന്‍റെ പോസ്റ്റിൽ പൊങ്കാല

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയമാണ് ബിജെപി ഇക്കുറി ഏറ്റുവാങ്ങിയത്.കഴിഞ്ഞ തവണ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത ബിജെപിയുടെ ഗുജറാത്ത് ഇന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്ന നേമവും ഇക്കുറി കൈവിട്ടതോടെ പാർട്ടി സംസ്ഥാന ഘടകം നേരിടുന്നത് വൻ പ്രതിസന്ധിയാണ്.

കേന്ദ്ര ഭരണത്തിന്റെ പിൻബലത്തോടെ വമ്പൻ പ്രചാരണങ്ങൾ പാർട്ടി സംസ്ഥാനത്ത് നടത്തിയെങ്കിലും ഒന്നും വിലപ്പോയില്ല. ഒപ്പം പാർട്ടി സംസ്ഥാന അധ്യക്ഷന്റെ രണ്ട് സീറ്റിലേക്കുള്ള മത്സരവും, ഹെലികോപ്‌റേറ്റർ പ്രചാരണവും ആദ്യം മുതൽക്കേ പാർട്ടി പ്രവർത്തകരിൽ നിന്ന് ഉൾപ്പെടെ വിമർശങ്ങൾക്ക് ഇടവച്ചിരുന്നു. അതൊടെയൊപ്പം പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമായത് മുതിർന്ന നേതാവും പാർട്ടിയുടെ ഏക എം എൽ എ യുമായ ഒ രാജഗോപാലിന്‍റെ അനവസരത്തിലെ പ്രസ്താവനകളാണ്.ഇത്തരം പ്രസ്താവനകളും നിയമസഭയിൽ സ്വീകരിച്ച ഓ രാജഗോപാലിന്റെ ചില നിലപാടുകളും പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് നന്ദി രേഖപ്പെടുത്തിയ രാജഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ അനുഭാവികളുടെ വിമര്‍ശനം.

‘ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി…ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും’. എന്നായിരുന്നു ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഒ രാജഗോപാലിന്റെ പ്രസ്താവനകള്‍ ബിജെപിയെ സാരമായി ബാധിച്ചുവെന്നും വോട്ടുകളില്‍ കുറവു വരാന്‍ കാരണമായെന്നും വിമര്‍ശനത്തോടെയുള്ളതാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പ്രവർത്തകർ കുറിപ്പിന് പ്രതികരണമായി ചര്‍ച്ച ചെയ്യുന്നുണ്ട്.കൂടാതെ വിജയത്തിനായി ഹിന്ദു സമുദായത്തിലെ വോട്ട് ഏകീകരിക്കേണ്ടതിന്‍റെ ആവശ്യകതയും അനുഭാവികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

അതോടൊപ്പം പാർട്ടി സംസ്ഥാന ഘടകത്തിൽ ശുദ്ധി കലശം നടത്തേണ്ടതിന്‍റെ ആവശ്യകതയും ഓര്‍മ്മിപ്പിക്കുന്നുണ്ട് ചില പ്രതികരണങ്ങള്‍. എന്നാല്‍ ഒ രാജഗോപാല്‍ വിശ്രമജീവിതത്തിന് പോവണമെന്ന രൂക്ഷ സ്വഭാവമുള്ള പ്രതികരണങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.

സംസഥാനത്തെ ഏക ബിജെപി എംഎല്‍എയായിരുന്നു ഒ രാജഗോപാല്‍.നേമം നിയോജക മണ്ഡലത്തില്‍ നിന്നാണ് ഒ രാജഗോപാല്‍ നിയമസഭയിലേക്ക് എത്തിയത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും കുമ്മനം രാജശേഖരനും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വി ശിവന്‍കുട്ടി അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *