നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയ പിണറായി സർക്കാരിന് അഭിനന്ദനവുമായി മലയാള സിനിമാലോകം. ദുൽഖർ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ,പൃഥ്വിരാജ്, മഞ്ജു വാരിയർ, ബി. ഉണ്ണികൃഷ്ണൻ, ടിനു പാപ്പച്ചൻ, സംയുക്ത മേനോൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ അടക്കം നിരവധിപേരാണ് എൽഡിഎഫിനും പിണറായി വിജയനും ആശംസകളുമായി എത്തിയത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേർന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.- പ്രിത്വി ഫേസ്ബുക്കിൽ കുറിച്ചു.
വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ, ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ എന്നാണ് നടൻ ടൊവിനോ പ്രതികരിച്ചത്.
‘രണ്ടാംവരവിന്റെ ചുവന്ന പുലരി. എങ്ങും വിരിയട്ടെ ചുവന്ന പൂക്കൾ. അഭിവാദ്യങ്ങൾ. വിശക്കാതെ, തളരാതെ, ആത്മവിശ്വാസത്തോടെ ചേർത്തു പിടിച്ചതിന് മലയാള മനസ്സ് നൽകുന്ന രണ്ടാമൂഴം. ലോകത്തിനു മുന്നിൽ അഭിമാനമായി ഉയർന്നു നിൽക്കാൻ പഠിപ്പിച്ചതിനു, മനുഷ്യരായി ചേർത്തു നിർത്തിയതിനു നന്ദി..തുടർഭരണത്തിന്റെ സന്തോഷത്തിൽ നിൽക്കുന്ന സർക്കാരിന് എല്ലാ ആശംസകളും.’: സംയുക്ത മേനോൻ കുറിച്ചു.
‘പിണറായി വിജയൻ സാറിന് അഭിനന്ദനങ്ങള്‍, തുടര്‍ഭരണത്തിലെത്തിയ എൽഡിഎഫിന് ആശംസകള്‍. വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ത്ത് കേരളം നിലകൊണ്ടു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഒരു ഇടത് മനുഷ്യൻ എത്തിയിരിക്കുന്നു.’: സണ്ണി വെയ്ൻ കുറിച്ചു.
‘അക്കൗണ്ട് ക്ലോസ് ചെയ്തതായി പ്രഖ്യാപിക്കുന്നു. ആകാശത്തേക്ക് വെടിവച്ചിരിക്കുന്നു. ബോധമുള്ളവർക്ക് പിരിഞ്ഞു പോകാം. ഷാഫി പറമ്പിലിനോട് നിറഞ്ഞ സ്നേഹം. കെ.കെ. രമയുടെ ആർവത്തിന് മുന്നിൽ ബഹുമാനം. ഒരേയൊരു സൂര്യൻ. ചരിത്രത്തിന്റെ ഭാഗം.’–ടിനു പാപ്പച്ചൻ പറഞ്ഞു.
എന്തായാലും എൽ ഡി എഫ് സർക്കാരിന്റെ ഉജ്ജ്വല വിജയത്തിൽ തെന്നിന്ത്യൻ സിനിമ ലോകത്തെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.