Kerala

എറണാകുളത്ത് 98 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണിൽ; വരാപ്പുഴ പഞ്ചായത്ത് അടച്ചിടും

എറണാകുളം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 98 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മുഴുവൻ വാർഡുകളും കണ്ടെയൻമെന്റ് സോണുകളായ വരാപ്പുഴ പഞ്ചായത്ത് പൂർണ്ണമായി അടച്ചിടും. കണ്ടെയ്ൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ വ്യാഴാഴ്ച വൈകിട്ട ആറു മുതൽ ഈ വാർഡുകളിൽ നിലവിൽ വരും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.

കണ്ടെയ്ൻമെന്റ് സോണുകളിൽ പുറത്തു നിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്നതിന് സ്ഥാപനങ്ങൾ വിട്ടു നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് കളക്ടർ അറിയിച്ചു. പ്ലസ് ടു പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പോലീസിന്റെ പരിശോധന കർശനമാക്കും. അതിഥി തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിന് ചിലർ വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന കളക്ടർ യോഗത്തിൽ അറിയിച്ചു. ഇതിനെതിരേയും കർശന നടപടിയുണ്ടാകും. അതിഥി തൊഴിലാളികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനായി വിവിധ ഭാഷകൾ സംസാരിക്കുന്ന സംഘത്തെ ഉൾപ്പെടുത്തി ലേബർ ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ഉടൻ തുറക്കും.

കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പോലീസ് കമ്മീഷണർ എച്ച്. നാഗരാജു, ആലുവ റൂറൽ എസ്പി കെ. കാർത്തിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ഡിഎംഒ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. എസ്. ശ്രീദേവി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *