Kerala

ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചു; കണ്ണൂരിൽ അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍

കണ്ണൂർ ജില്ലയിലെ പാനൂർ പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫിസും വീടുകളും മറ്റും സന്ദർശിച്ച് സിപിഐഎം നേതാക്കൾ. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള നേതാക്കളാണ് സ്ഥലം സന്ദർശിച്ചത്. ഇന്ന് രാവിലെയോടെയാണ് നേതാക്കൾ സ്ഥലത്തെത്തിയത്.

സാധാരണ ജന ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ ഇവിടെ അരങ്ങേറിയതെന്നും എം വി ജയരാജന്‍ പ്രതികരിച്ചു. ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചെന്നും ജയരാജന്‍ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു .മുസ്ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് ജയരാജൻ പറഞ്ഞു. ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫിസുകൾ, വായനശാല, കടകൾ, സ്റ്റുഡിയോ, വീടുകൾ ഉൾപ്പെടെ തകർന്നു. നാട്ടിൽ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് ഇന്നലെ നടന്നത്. സിപിഐഎം പ്രവർത്തകരുടെ മാത്രമല്ല, ഇതര രാഷ്ട്രീയത്തിൽപ്പെട്ടവരുടെ കടകളും അക്രമികൾ തകർത്തു. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും എം. വി ജയരാജൻ വ്യക്തമാക്കി.

അതേസമയം, മുസ്ലീം ലീഗ് പ്രവർത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്‍റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. പ്രദേശത്ത് നിന്ന് പൊലീസിന് ലഭിച്ച വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യിൽ നിന്നും വീണുപോയ ആയുധമാകാമെന്നും പോലീസ് പറഞ്ഞു. വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തില്‍ പത്ത് ലീഗ് പ്രവർത്തകർകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *