Kerala

സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പ്; എല്‍ഡിഎഫ് നൂറിലധികം സീറ്റ് നേടുമെന്ന് ഇപി ജയരാജൻ

കണ്ണൂര്‍: കേരളത്തിൽ ഇടതു മുന്നണിയുടെ തുടർ ഭരണം ഉറപ്പെന്ന് മന്ത്രിയും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവുമായ ഇ പി ജയരാജൻ. എൽ ഡി എഫ് കേരളത്തിൽ നൂറിലധികം സീറ്റ് നേടും. കണ്ണൂർ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയം ഉറപ്പാണ്. ക്യാപ്റ്റൻ എന്നാൽ നേതാവ്, നയിക്കുന്നയാൾ എന്നേ അർത്ഥമുള്ളൂ, അതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എന്നാൽ ഈ നിയമസഭ തെരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യു.ഡി.എഫ് മുന്നണി വിടേണ്ടിവരുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. യു.ഡി.എഫ് ശിഥിലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുടുംബ സമേതമാണ് ജയരാജൻ വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. അരോളി ഗവ.ഹൈയർ സെക്കൻഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരമണിക്കൂറില്‍ തന്നെ പോളിംഗ് ശതമാനം മൂന്നിലെത്തി. ഇ ശ്രീധരന്‍, ഹൈദരലി ശിഹാബ് തങ്ങള്‍, വി കെ പ്രശാന്ത്, പദ്‌മജ വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ രാവിലെ തന്നെ വോട്ടിംഗ് പൂര്‍ത്തിയാക്കി. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *