കോട്ടയം: സംവിധായകനും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന് 69 വയസായിരുന്നു. വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം.അസുഖ ബാധിച്ചതിനെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു പി ബാലചന്ദ്രൻ. ഇന്ന് പുലർച്ചെയോടെയാണ് അന്ത്യം.സംസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വൈക്കത്ത്.
നാടക– സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ സമൂഹമുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ‘ ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.