കണ്ണൂര്‍: സി.പി.എം ശക്തികേന്ദ്രങ്ങളായ ആന്തൂര്‍, കല്യാശേരി തുടങ്ങിയ സ്ഥലങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെ മാത്രമാണ് നിയമിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരന്. വനിതാ ഉദ്യോഗസ്ഥരാകുമ്പോള്‍ എളുപ്പത്തില്‍ അവരെ ഭീഷണിപ്പെടുത്തി നിര്‍ത്താമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്തൊക്കെ പറഞ്ഞാലും സ്ത്രീ സ്ത്രീ തന്നെയാണ്. അവര്‍ക്ക് എത്രത്തോളം പിടിച്ചുനില്ക്കാന് കഴിയുമെന്ന് എല്ലാവര്‍ക്കുമറിയാം. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് ഇതിന് വ്യത്യസ്തമായി പെരുമാറിയിട്ടൊള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ തെരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ അനുകൂല യൂണിയനില്‍ പെട്ടവരാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്നവരുടെ ലിസ്റ്റ് തലേദിവസം സി.പി.എം ലോക്കല്‍ കമ്മിറ്റിക്ക് ലഭിക്കും. ഇതാദ്യത്തെ സംഭവമല്ല. ഉദ്യോഗസ്ഥരെ വൈകിട്ട് പോയി കണ്ട് അവര്‍ക്ക് താമസമൊരുക്കുന്നത് സി.പി.എം പ്രവര്‍ത്തകരാണ്. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൈയിലെടുക്കുമെന്നും സുധാകരന് ആരോപിച്ചു.
ജില്ലയിൽ ഒരു മാനദണ്ഡവും പാലിക്കാതെയാണ് തപാല്‍ വോട്ടെടുപ്പ് നടത്തുന്നത്. ഒരു സുരക്ഷയുമില്ലാതെ പ്ലാസ്റ്റിക് സഞ്ചിയിലാണ് ബാലറ്റുകള്‍ സൂക്ഷിക്കുന്നത്. പേരാവൂരില്‍ സി.പി.എം പ്രവര്‍ത്തകരും പോളിങ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തപാല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ല. നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ ഒരു നടപടികളും സ്വീകരിക്കുന്നില്ല .ഭരണം പിടിക്കാൻ എന്ത് വൃത്തികേടും കാണിക്കാമെന്നതാണ് സി.പി.എം നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.