Kerala

ത്രികോണപ്പോരിൽ കലങ്ങി പാലക്കാട് ; മണ്ഡലം പിടിച്ചെടുക്കാൻ ബിജെപി,പിടിവിടാതെ യുഡിഎഫ് , ജീവൻ മരണ പോരാട്ടത്തിന് എൽഡിഎഫ്

പാലക്കാട് തിളച്ചുമറിയുന്ന ചൂടിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടച്ചൂടും ഉയരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ തുടക്കത്തില്‍ തന്നെ മണ്ഡലം കേരളത്തിലാകെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.വമ്പൻ സ്ഥാനാർത്ഥികളെ ഇറക്കി മൂന്ന് മുന്നണികളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. യുഡിഎഫിൽ ഉടലെടുത്ത തര്‍ക്കങ്ങളും സിപിഎമ്മിലെ അപസ്വരങ്ങളും ഒപ്പം ദേശീയശ്രദ്ധേയിലേക്കെത്തിയ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ബിജെപിയും വാര്‍ത്തകളിൽ നിറഞ്ഞുനിന്നു.

മണ്ഡലം പിറവികൊണ്ട കാലം മുതൽ തന്നെ യുഡിഎഫിനോട് ഏറെയും കൂറ് പുലർത്തിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും അഭിമാന പോരാട്ടത്തിനായാണ് മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥികൾ ഇറങ്ങുന്നത്. എന്നാൽ തദേശ പോരിൽ ജില്ലയിൽ ഉണ്ടാക്കിയ ആധിപത്യം ഇടതിന്‍റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നുണ്ട്. 2016ൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎ നഗരസഭയില്‍ വീണ്ടും ജയം ഉറപ്പിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

 

മണ്ഡലത്തിൽ ഷാഫി പറമ്പിലിന്‍റെ ശക്തമായ സ്ഥാനാർഥിത്വവുമാണ് വലതുമുന്നണിയുടെ കരുത്ത്. 2011 ൽ 7403 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്.എന്നാൽ 2016 ആയപ്പോഴേക്കും ഭൂരിപക്ഷം 17483 ആയി ഉയർത്താൻ ഷാഫിക്ക് സാധിച്ചു.ഇടത്, ബിജെപിയും കൂടി കളം നിറഞ്ഞതോടെ മണ്ഡലത്തിൽ ഇക്കുറി യുഡിഎഫിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. എന്നിരുന്നാലും മണ്ഡലത്തിന് സ്വീകാര്യനായ ഷാഫി പറമ്പിലിലൂടെ പാലക്കാടൻ അങ്കത്തട്ട് ഇത്തവണയും പിടിച്ചടക്കമെന്ന പ്രതീക്ഷയിയിൽ തന്നെയാണ് യുഡിഎഫ് ക്യാമ്പ്.

കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽഡിഫിന് മണ്ഡലത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല ഇക്കുറി. മണ്ഡലത്തിൽ എൻഡിഎ ഉയർത്തുന്ന കടുത്ത വെല്ലുവിളി മറികടക്കുക എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള കാര്യമാണ്.അഡ്വ. സിപി പ്രമോദിനെയാണ് ഇക്കുറി മണ്ഡലം പിടിക്കാനുള്ള ദൗത്യം ഇടതു മുന്നണി ഏൽപ്പിച്ചിരിക്കുന്നത്. തദേശ പോരാട്ടത്തിൽ ജില്ലയിൽ നേടിയ ആധിപത്യം അനുകൂല ഘടകമായി മുന്നണി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് സിപിഎമ്മിന് ഏറ്റവും അധികം പ്രവർത്തകർ ഉള്ള ജില്ലയിൽ ഇക്കുറി ജീവൻ മരണ പോരാട്ടം കൂടിയാണ് എല്‍ഡിഎഫിന്.

2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം. മെട്രോമാൻ ഇ ശ്രീധരന്‍റെ ശക്തമായ സ്ഥാനാർഥിത്വം കൂടി ആയതോടെ ഇക്കുറി പാലക്കാടൻ മണ്ണിൽ താമര വിരിയിക്കാമെന്ന് എൻഡിഎ ക്യാമ്പിന്റെ കണക്കുകൂട്ടുന്നു. 2011 ൽ നേടിയ 22317 വോട്ടുകളുടെ പിൻബലം 2016 ൽ 40076 ആയി ഉയർത്താൻ കഴിഞ്ഞതും വലിയ നേട്ടമായി എൻഡിഎ ക്യാമ്പ് കണക്കാക്കുന്നത്.

പാലക്കാട് ഇടത്-വലത്- എൻഡിഎ മുന്നണികൾ ഒരുപോലെ കണ്ണ് വയ്ക്കുമ്പോള്‍ ഇക്കുറി മണ്ഡലത്തിൽ ആര് വീഴും ആര് വാഴും എന്നത് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ കേരളം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *