കണ്ണൂർ: തളിപ്പറമ്പ് നഗരത്തിലെ വസ്ത്രാലയത്തില്‍ വന്‍ അഗ്നിബാധ.മെയിന്‍ റോഡിലെ വീ ടെക്സ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്.പത്ത് ലക്ഷത്തിലേറെ രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായി കണക്കാക്കുന്നു.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അഗ്നിബാധയുണ്ടായത്.
പുലര്‍ച്ചെ അഞ്ചിന് പള്ളിയിലേക്ക് പോകുന്ന വ്യാപാരിയാണ് കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.ഉടന്‍തന്നെ അഗ്നിശമനസേനയേയും പോലീസിനേയും വിവരമറിയിച്ചു.തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു.തൊട്ടടുത്തുള്ള ലിവാസ് എന്ന ഫാന്‍സി കടയിലേക്കും തീ പടര്‍ന്നുവെങ്കിലും അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം ഒഴിവായാതായി വ്യാപാരികൾ പറഞ്ഞു.
പുതുതായി സ്റ്റോക്ക് ചെയ്ത സ്റ്റോക്കുകള്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചത്.വിവരമറിഞ്ഞ ഉടന്‍ തന്നെ നഗരസഭാ സ്ഥിരം സമിതി ചെയര്മാന് പി.പി.മുഹമ്മദ്നിസാര്‍, തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടറി വി.താജുദ്ദീന്, കുട്ടി കപ്പാലം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.