എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകരുടെ പ്രകടനം.കൊച്ചി പള്ളുരുത്തിയിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടന്നത്.തൃപ്പൂണിത്തുറയിൽ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്തിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രകടനം.തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചു പിടിക്കാന്‍ കെ ബാബുവിനെ വിളിക്കണമെന്നാണ് പ്രകടനം നടത്തിയവരുടെ ആവശ്യം.
ബാബുവിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. കെ ബാബുവിന് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല എന്ന വാര്‍ത്തകൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തകരുടെ പ്രകടനം. ജനങ്ങളോടും പ്രവര്‍ത്തകരോടും ഒപ്പം നില്ക്കുന്ന ജനകീയനായ നേതാവാണ് ബാബു എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കെ ബാബുവിന് പകരമായി തൃപ്പൂണിത്തുറയില്‍ കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് വേണു രാജാമണി തുടങ്ങിയവറെഡി പേരുകളാണ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാൽ കെ ബാബു വിനെ മത്സരിപ്പിക്കാമെന്ന ആവശ്യം ഉമ്മൻചാണ്ടി ശക്തമാക്കിയിട്ടുണ്ട്. ഒപ്പം നില്‍ക്കുന്നവര്‍ക്കു സീറ്റില്ലെങ്കില്‍ നേമത്ത് തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ടിവരുമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന.തൃപ്പൂണിത്തുറയില്‍ നിന്നും അഞ്ചു തവണ വിജയം നേടിയ ബാബു, കഴിഞ്ഞ തവണ സിപിഎമ്മിലെ എം സ്വരാജിനോടാണ് പരാജയപ്പെട്ടത്.