തിരുവനന്തപുരം: വിജയ യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ച ഒരു ചോദ്യത്തിനുപോലും മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ തേഞ്ഞു തുരുമ്പിച്ച വ്യാജപ്രചാരണങ്ങൾ ആവർത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
അമിത്ഷായ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടൽകേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി വിചാരണ പോലും നടത്താതെ സിബിഐ കോടതി തന്നെ സിബിഐയുടെ വാദങ്ങൾ തള്ളിക്കളഞ്ഞതാണ്. അതിനു പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ് പോലും ഉപേക്ഷിച്ച വിഴുപ്പ് ഇപ്പോൾ പിണറായി എടുത്ത് അലക്കുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കെ. സുരേന്ദ്രൻ പരിഹസിച്ചു.
കണ്ണൂരിലെ വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ നേരിട്ടു പ്രതിയായിരുന്ന പിണറായി വിജയനാണ് അമിത്ഷായെ അധിക്ഷേപിക്കുന്നത്. സിപിഎം നേതാക്കൾ ചെയ്യുന്നതുപോലെ നെഞ്ചുവേദന അഭിനയിച്ചോ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തിയോ അമിത് ഷാ ഒളിച്ചോടിയില്ല. പകരം നിയമത്തിന്റെ മാർഗം തേടുകയായിരുന്നു.
സിബിഐക്ക് അദ്ദേഹത്തിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല. പൊന്നാനിയിൽ അടക്കം മലബാറിൽ ഹിന്ദുക്കളെ സ്ഥാനാർഥിയാക്കാൻ പോലും കഴിയാതെ പ്രതിസന്ധി നേരിടുന്ന പാർട്ടിയുടെ നേതാവായ പിണറായി അമിത്ഷായെ വർഗീയവാദിയെന്ന് ആക്ഷേപിക്കുന്നത് ഇരട്ടത്താപ്പാണ്. മലബാറിൽ സിപിഎം എസ്ഡിപിഐയായി രൂപാന്തരം പ്രാപിച്ചു. അവിടെ ഡിവൈഎഫ്ഐയെയും എസ്ഡിപിഐയെയും തമ്മിൽ തിരിച്ചറിയാനാകുന്നില്ല. അതിനാലാണ് പാർട്ടി അണികൾ അവിടെ ഹിന്ദു സ്ഥാനാർഥി വേണ്ടെന്നു പറയുന്നത്. മകളെ മുസ്ലിമിന് കല്യാണം കഴിച്ചുകൊടുത്താലേ അമിത്ഷാ മതേതരവാദിയാവുകയുള്ളുവോ എന്നും സുരേന്ദ്രൻ ചോദിച്ചു.