Kerala

ജനക്ഷേമ പദ്ധതികളുമായി തലസ്ഥാന ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്

തിരുവനന്തപുരം:കോവിഡ് മഹാമാരി മൂലം തകർച്ച നേരിട്ട മേഖലകളെ പൂർവസ്ഥിതിയിലാക്കാൻ ഉതകുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. ഉത്പാദന, സേവന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ 716.36 കോടി രൂപയുടെ വരവും 699.13 കോടി ചെലവും 17.23 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം പറഞ്ഞു.

മുൻ വർഷങ്ങളിലേതു പോലെ ഇത്തവണത്തയും ജെൻഡർ ബജറ്റാണ് അവതരിപ്പിച്ചതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറഞ്ഞു. സ്ത്രീ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടും, ഭിന്നശേഷിക്കാർ- മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർ എന്നിവർക്കും പ്രത്യേക പരിഗണന നൽകിയുമാണു ബജറ്റ് തയാറാക്കിയിരിക്കുന്നത്.

മതിയായ സംരക്ഷണവും പുനരധിവാസവും ലഭിക്കാൻ സാധ്യതയില്ലാത്ത മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കണ്ടെത്തി സംരക്ഷിക്കുന്ന പദ്ധതി ഈ വർഷം നടപ്പിലാക്കും. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വനിതകളെ കൊറ്റാമം കെയർ സെന്ററിലും, പുരുഷന്മാരെ പെരിങ്ങമലയിലുള്ള ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പുനരധിവസിപ്പിക്കും. 75 ലക്ഷം രൂപ പദ്ധതിയ്ക്കായി വകയിരുത്തി. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന ‘സ്‌നേഹസ്പർശം’ പദ്ധതിക്ക് 2.25 കോടി രൂപ വകയിരുത്തി.

വെള്ളായണി കായൽ സംരക്ഷണം ഇവിടുത്തെ ടൂറിസം വികസനം എന്നവയ്ക്കായി 50 ലക്ഷം രൂപ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. ‘സുശാന്തി’ എന്ന പേരിൽ വനിതകൾക്കായുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി. തീരദേശ- മലയോര പ്രദേശങ്ങളിലെ വനിതകൾക്കുള്ള ദുരന്തനിവാരണ പരിശീലനത്തിനുള്ള ‘നിവാരണ’ പദ്ധതിക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *