Kerala

കോട്ടൂര്‍ ആനപരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തില്‍

തിരുവനന്തപുരം:അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 176 ഹെക്ടര്‍ വനഭൂമിയില്‍ 108 കോടി രൂപ ചെലവിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനപരിപാലന കേന്ദ്രം സജ്ജമാകുന്നത്.

ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന നാല് ആവാസകേന്ദ്രങ്ങള്‍, കുട്ടിയാനകളുടെ പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍, വെറ്റിനറി ഹോസ്പിറ്റല്‍, എന്‍ട്രന്‍സ് പ്ളാസ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ചത്. കിഫ്ബി ധനസഹായത്തോടെയാണ് നിര്‍മാണം.

വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 938 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വകുപ്പിലെ ആധുനികവല്‍ക്കരണവും വനപാലകരുടെ എണ്ണം വര്‍ധിപ്പിച്ചതും കാടിനെ നന്നായറിയുന്ന ആദിവാസിവിഭാഗങ്ങളെ വനപരിപാലനത്തില്‍ പങ്കാളികളാക്കിയതും വലിയ നേട്ടമുണ്ടാക്കി. നാട്ടാനകള്‍, കൂട്ടം തെറ്റുന്ന കുട്ടിയാനകള്‍ എന്നിവയുടെ സംരക്ഷണവും സര്‍ക്കാരിന്റെ ചുമതലയാണ്. ഇതിനെല്ലാം പരിഹാരമാകുന്ന തരത്തിലാണ് കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രം ലോകോത്തര നിലവാരത്തില്‍ നവീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *