Kerala

നിയമസഭ തിരഞ്ഞെടുപ്പ്: 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട്

തൃശ്ശൂർ: കോവിഡ് പശ്ചാത്തലത്തിൽ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടേഴ്സിന് തപാൽ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗ്ഗ നിർദ്ദേശത്തെ തുടർന്ന് ആബ് സെന്റി വോട്ടർമാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ, പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവർ എന്നിവർക്ക് തപാൽ വോട്ട് ചെയ്യാം. ഇവർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തിൽ ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ തുടങ്ങിയ ബൂത്ത് ലെവൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കലക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആബ്സെന്റി വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കായി അപേക്ഷാ ഫോറം വീടുകളിൽ വിതരണം ചെയ്യും.

ബിഎൽഒമാരുടെ നേതൃത്വത്തിൽ അപേക്ഷ ഫോറം പൂരിപ്പിച്ച് രേഖപ്പെടുത്തി വരണാധികാരികൾക്ക് ലഭ്യമാക്കും. ആബ്സെന്റി വോട്ടർമാർ മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടെപ്പം ഹാജരാക്കണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ അഞ്ച് ദിവസങ്ങൾ വരെയാണ് ഇവർക്ക് അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകാവുന്ന സമയം. ഇവർക്കുള്ള പോസ്റ്റൽ ബാലറ്റ് സ്‌പെഷ്യൽ പോളിംഗ് ടീം വീടുകളിൽ ചെന്ന് വോട്ടു രേഖപ്പെടുത്തി ഫോറം ശേഖരിച്ച് അതാത് വരണാധികാരികളെ ഏൽപ്പിക്കും. ഇപ്രകാരമുള്ള നടപടിക്രമം ആബ്സെന്റി വോട്ടർമാരുടെ സൗകര്യാർത്ഥമാണ് ഏർപ്പെടുത്തുന്നത്.

ഒരു നിർബന്ധിത നടപടി ക്രമമല്ലാത്തതിനാൽ ആബ് സെന്റി വോട്ടർമാർക്ക് ഇച്ഛാനുസരണം ഈ സൗകര്യം ഉപയോഗിക്കാം. എന്നാൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പോസ്റ്റൽ ബാലറ്റ് മുഖേന മാത്രം വോട്ടവകാശം വിനിയോഗിക്കണം. ഇവർക്ക് പോളിംഗ് സ്റ്റേഷനിൽ ഹാജരായി വോട്ടു രേഖപ്പെടുത്തുവാൻ സൗകര്യമുണ്ടായിരിക്കില്ലെന്നും കലക്ടർ പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തിയതിനാൽ കോവിഡ് പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതായി യോഗത്തിൽ കലക്ടർ അഭിപ്രായപ്പെട്ടു. ഇത് മൂലം തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ജില്ലയിലെ കോവിഡ് നിരക്ക് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവശ്യമെങ്കിൽ സമിതി രൂപികരിക്കാമെന്നും കലക്ടർ പറഞ്ഞു.

ഹൈക്കോടതി നിർദ്ദേശത്തേ തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹോർഡിംഗ് അടിയന്തരമായി എടുത്തു മാറ്റണം. ഹോർഡിംഗ് എടുത്തു മാറ്റിയിട്ടുണ്ടെന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉറപ്പു വരുത്തുകയും വേണം. അതിരപ്പിള്ളി മേഖലയിൽ പൊതുജനങ്ങൾക്ക് അപകടരമായ വിധത്തിൽ വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതായി കണ്ടതിനെ തുടർന്ന് ബോർഡുകൾ അടിയന്തരമായി എടുത്തു മാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടർ നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു. സിറ്റി പോലിസ് കമ്മീഷണർ ആർ ആദിത്യ, ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി ബി സുനിൽ, ജില്ലാ ഇൻഫർമേറ്റിക്സ് ഓഫീസർ കെ. സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *