Kerala

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിരൂപ സൈബര്‍ഡോം വീണ്ടെടുത്തു

തിരുവനന്തപുരം:റിസർവ്വ് ബാങ്കിനോട് സഹകരിച്ച് സൈബർഡോം നടത്തിയ ഇടപെടൽ മൂലം ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൊബൈൽ ആപ്പ് വഴി വായ്പകൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാൻ സി.ബി.ഐ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. സൈബർ ഡോമിൻറെ ആസ്ഥാന മന്ദിരത്തിൻറെ ശിലാസ്ഥാപനം ഓൺലൈനിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പോലീസിൻറെ ഏത് പ്രവർത്തനമണ്ഡലത്തിലും സാങ്കേതികവിദ്യയുടെ ഉയർന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ഓപ്പറേഷൻ പി ഹണ്ട് എന്ന അന്വേഷണം വഴി കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗികാതിക്രമങ്ങൾ തടയാൻ നേതൃത്വം നൽകിയത് സൈബർ ഡോമാണ്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 180 പേരെയാണ് വിവിധ ജില്ലകളിൽ നിന്നായി സൈബർ ഡോമിൻറെ നേതൃത്വത്തിൽ പിടികൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സൈബർ ഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ടെക്നോപാർക്കിന് സമീപമാണ് ആധുനിക സൗകര്യത്തോടെ അഞ്ചു നിലകളിലായി സൈബർഡോമിന് ആസ്ഥാനമന്ദിരം പണിയുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *