Kerala

സാന്ത്വന സ്പര്‍ശം;എറണാകുളം ജില്ലയിൽ 15,16,18 തീയതികളില്‍

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് എറണാകുളം ജില്ലയിൽ ഈ മാസം 15, 16, 18 തീയതികളിൽ നടക്കും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, ജി സുധാകരൻ, ഇ പി ജയരാജൻ എന്നിവരാണ് ജില്ലയിൽ പരാതി പരിഹാര അദാലത്തിന് നേതൃത്വം നൽകുന്നത്. മൂന്നു വേദികളിൽ ആയിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 15 ന് എറണാകുളം ടൗൺ ഹളിൽ വച്ച് കൊച്ചി, കണയന്നൂർ താലൂക്ക് പരിധിയിലെ പരാതികൾ പരിഗണിക്കും. 16 ന് ആലുവ യുസി കോളേജിൽ ആലുവ, പറവൂർ താലൂക്കുകളിലെ പരാതികളും 17 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വച്ച് കോതമംഗലം മൂവാറ്റുപുഴ കുന്നത്തുനാട് താലൂക്കുകളിലെ പരാതികൾ പരിഗണിക്കും.

സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികൾ ഈ മാസം 3 മുതൽ 9 വരെ സ്വീകരിക്കും. പ്രളയം, ലൈഫ് മിഷൻ, പോലീസുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കുന്നതല്ല. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, കളക്ടറേറ്റിലോ, താലൂക്കിലോ, വില്ലേജ് ഓഫീസുകളിലോ നേരിട്ടെത്തിയും സമർപ്പിക്കാം. സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സംസ്ഥാന സർക്കാർ നൽകും. അദാലത്തിൽ നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. അദാലത്ത് വേദിയിൽ ലഭിക്കുന്ന പുതിയ പരാതികളിൽ ജില്ലയിൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങൾ ഉടൻ തീർപ്പാക്കും. സംസ്ഥാന സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തരം തിരിച്ച് സർക്കാരിലേക്ക് അയക്കും.

പരാതിക്കാരൻ്റെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി പരാതിയിൽ രേഖപ്പെടുത്തിയിരിക്കണം. പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങൾക്ക് ഇത് നിർബന്ധമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷകളും നൽകാം. പരാതിക്കാരന് നേരിട്ടും ഓൺലൈനായി അപേക്ഷകൾ നൽകാം. സി.എം. ഡി.ആർ.ഫ്, സി.എം.ഒ തുടങ്ങിയ വെബ്സൈറ്റുകൾ വഴി അപേക്ഷകൾ നൽകാവുന്നതാണ്.

സീനിയർ ഗവ. സെക്രട്ടറി മുഹമ്മദ് ഹനീഷിനാണ് ജില്ലയിൽ പരാതി പരിഹാര അദാലത്ത് ഏകോപനചുമതല. ജില്ലാ ഓഫീസർ ജില്ലാ കളക്ടർ എസ് സുഹാസ് ആണ്. ജില്ലാതല നോഡൽ ഓഫീസർ ഹുസൂർ തഹസിൽദാർ ജി മോട്ടി ലാലും റവന്യൂമായി ബന്ധപ്പെട്ട പരാതികളുടെ കോഡിനേറ്റർ ഹുസൂർ തഹസിൽദാർ ജോർജ് ജോസഫും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളുടെ കോഡിനേറ്റർ കെ ആർ രാഗിണിയുമാണ്. പരാതി പരിഹാര അദാലത്ത് സുഗമമായി നടത്തുന്നതിന് താലൂക്ക് അടിസ്ഥാനത്തിലും ചാർജ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് കൊച്ചി താലൂക്കിലെ ചാർജ് ഓഫീസറായും ഡി എം എസ്. ഷാജഹാൻ കണയന്നൂർ താലൂക്കിലെയും ആർ ആർ ഡെപ്യൂട്ടി കളക്ടർ പ്രേമലത മൂവാറ്റുപുഴ താലൂക്കിലെയും മൂവാറ്റുപുഴ ആർ ഡി ഒ എപി കിരൺ കോതമംഗലം താലൂക്കിലെയും, മെട്രോ ഡെപ്യൂട്ടി കളക്ടർ അമൃതവല്ലി അമ്മ ആലുവ താലൂക്കിലെയും എൽ ആർ ഡെപ്യൂട്ടി കളക്ടർ പി എൻ പുരുഷോത്തമൻ പറവൂർ താലൂക്കിലെയും എൽഎ ഡെപ്യൂട്ടി കളക്ടർ സോളി ആൻ്റണി കുന്നത്തുനാട് താലൂക്കിലെയും ചാർജ് ഓഫീസർമാരായി നേതൃത്വം നൽകും.

അദാലത്ത് വേദിയിൽ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കും. പരാതി പരിഹാരം അദാലത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, വെള്ളം എന്നിവ ഒരുക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *