Kerala

ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം,സ്കൂളിൽ എത്താത്ത അധ്യാപകർക്കെതിരെ നടപടി;വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ്

കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതൽ വിദ്യാലയങ്ങളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികൾക്ക് വരെ ഇരിക്കാൻ കഴിയും. സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങൾ അവലോകനം ചെയ്ത ശേഷമാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് ഇപ്പോൾ 10, 12 ക്ലാസുകളാണ് തുറന്നിരിക്കുന്നത്. ഒരു ബെഞ്ചിൽ ഒരുകുട്ടിയെ വച്ച് ക്ലാസിലെ പത്തുകുട്ടികൾക്കു വേണ്ടി കൂടുതൽ ക്ലാസെടുക്കുകയായിരുന്നു അധ്യാപകർ. പുതിയ ഉത്തരവ് prakaram മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണം. എത്താത്തവർക്കെതിേര കർശന നടപടി ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ തീർത്തും വരാൻപറ്റാതെ വർക് ഫ്രം ഹോം ആയ അധ്യാപകർക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്.

സർക്കാർ ശനിയാഴ്ചയും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്കൂളുകളിലും ഇതു നടപ്പാക്കും. നൂറിൽ താഴെ വിദ്യാർഥികളുള്ള സ്കൂളുകളിൽ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങൾ നടത്താം. അതിൽ കൂടുതലുള്ള സ്കൂളുകളിൽ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയിൽ ക്രമീകരണം നടത്തണം. രാവിലെ എത്തുന്ന കുട്ടികൾ വൈകീട്ടു വരെ സ്കൂളിൽ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതു പരിഹാരമാകും. ഇതിനായി കുട്ടികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതിനുള്ള ക്രമീകരണവും ആകാം.

10, 12 ക്ലാസുകളിൽ നടക്കാനിരിക്കുന്ന പൊതുപരീക്ഷയുടെ ഭാ​ഗമായി സംശയനിവാരണം, ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനം, മാതൃകാപരീക്ഷ നടത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒന്നാം തീയതി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്കൂളുകൾ തുറന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *