തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റതായി റിപ്പോർട്ട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്.മർദ്ദനമേറ്റതായി കണ്ടെത്തിയവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കാൻ കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. ശ്യാം ശിവൻ, ഉണ്ണിക്കുട്ടൻ, ഷിനു തുടങ്ങിയവർക്കാണ് ജയിലിൽ മർദനമേറ്റതായി പറയുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദനമേറ്റവർക്ക് ചികിത്സ ലഭ്യമാക്കാനും മജിസ്ട്രേറ്റ് നിർദേശം നൽകി.
അതേസമയം, നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിന് മർദനമേറ്റതായി പരാതി ഉയർന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജെറോം നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരം മജിസ്ട്രേറ്റ് കോടതി ടിറ്റുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയുമുണ്ടായി.