Kerala

ചരിത്രം രചിച്ച് ബിജെപി;കൊച്ചി കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നേടി

കൊച്ചി : കൊച്ചി കോര്‍പറേഷനിൽ ചരിത്രം രചിച്ച് ബിജെപി.ആദ്യമായി ബിജെപി കോർപ്പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സ്വന്തമാക്കി.കോർപ്പറേഷനിൽ വെറും അഞ്ച് അംഗങ്ങൾ മാത്രമുള്ള ബിജെപി തന്ത്രപരമായ നീക്കത്തിലൂടെയാണ് ഈ അധ്യക്ഷ സ്ഥാനം നേടിയത്.നികുതി അപ്പീല്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് നേടിയത്. ഒന്‍പതംഗ നികുതി അപ്പീല്‍ സ്ഥിരം സമിതിയില്‍ നാലു വോട്ട് നേടിയാണ് പ്രിയ വിജയിച്ചത്. മൂന്ന് മുന്നണികളും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു.

അതേസമയം, കോർപ്പറേഷനിൽ 27 കൗണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും സ്വന്തമാക്കാനായില്ല.യുഡിഎഫ് മരാമത്ത് സ്ഥിരം സമിതിയില്‍ വിജയിച്ചെങ്കിലും ആര്‍എസ്പിയിലെ സുനിത ഡിക്‌സനാണ് അധ്യക്ഷ. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സുനിത ഡിക്‌സണ്‍ കോണ്‍ഗ്രസിലെ വി കെ മിനിമോള്‍ക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് നിലവിലെ ധാരണ.

എൽഡിഎഫിനെ പിന്തുണച്ച ലീഗ് വിമത അംഗം ടി കെ അഷ്‌റഫിനാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്.ആദ്യമൂന്നു വര്‍ഷം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന്റെ പിആര്‍ റെനീഷും പിന്നെ സിപിഐയിലെ സി എ ഷക്കീറും പങ്കുവയ്ക്കും.

വിദ്യാഭ്യാസം, കായികം സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സിപിഎമ്മിലെ വി എ ശ്രീജിത്തിനാണ്.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആദ്യരണ്ടു വര്‍ഷം ജനതാദള്‍ എസിലെ ഷീബാ ലാലും പിന്നീട് സിപിഎമ്മിലെ സി ഡി വത്സലകുമാരിയും പങ്കുവയ്ക്കും.നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ പദവി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ ജെ സനില്‍മോന്‍ ആണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *